ശബരിമല കേസിനൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ല; കോടതിയെ സമീപിക്കുമെന്നും കാന്തപുരം

0
184

കോഴിക്കോട്: (www.mediavisionnews.in) ശബരിമല യുവതീ പ്രവേശന കേസിനൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കാന്തപുരം പറഞ്ഞു.

മുസ്ലിം സ്ത്രീകളില്‍ പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടേതായ പള്ളികളുണ്ടെന്നും മഹാഭൂരിപക്ഷം സ്ത്രീകളും പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

പള്ളിയില്‍ പോകാതെ വീട്ടില്‍ വെച്ചുതന്നെ ആരാധന നടത്തണാമെന്ന് സുന്നികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും കാന്തപുരം പറഞ്ഞു.

മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ ഇ.കെ സുന്നി വിഭാഗവും രംഗത്തെത്തിയിരുന്നു. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ലെന്നും വിശ്വാസ സ്വാതന്ത്ര്യത്തില്‍ കോടതി ഇടപ്പെടുന്നതിനെ അംഗീകരിക്കുന്നില്ലെന്നും സമസ്ത ജനറല്‍ സെക്രട്ടറി ആലികുട്ടി മുസ്ലിയാര്‍ പറഞ്ഞിരുന്നു.

ശബരിമല പ്രശ്നത്തിലടക്കം മതനേതാക്കള്‍ പറയുന്നത് കേള്‍ക്കണമെന്നും മുസ്‌ലിം സ്ത്രീകള്‍ സ്വന്തം വീട്ടിലാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമല യുവതീ പ്രവേശനത്തില്‍ വിധി പറയുന്നത് വിശാല ബെഞ്ചിനു വിട്ടതോടൊപ്പം മുസ്‌ലിം പള്ളികളിലേക്കും പാഴ്സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികളും വിശാല ബെഞ്ചിനു സുപ്രീംകോടതി വിട്ടിരുന്നു.

സ്ത്രീകള്‍ മുസ്‌ലിം പള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും പ്രവേശിക്കുന്നതും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് സമാനമായ വിഷയമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here