തിരുവനന്തപുരം: (www.mediavisionnews.in) ഗള്‍ഫ് രാജ്യങ്ങളില്‍വച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നോര്‍ക്കയുടെ പദ്ധതി നടത്തിപ്പിന് എയര്‍ ഇന്ത്യയുമായി ധാരണയായി. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമാണ് ധാരണാപത്രത്തില്‍ ഒപ്പവച്ചത്.
വിദേശ രാജ്യങ്ങളില്‍ മരണപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം ലഭിക്കാതെവരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നിരാലംബര്‍ക്ക് ആശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിക്കുന്ന മൃതദേഹം നോര്‍ക്ക റൂട്ട്സിന്റെ നിലവിലുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളില്‍ സൗജന്യമായി എത്തിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫാറവും വിശദവിവരങ്ങളും നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org -ല്‍ ലഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കാള്‍ സേവനം), നമ്പരുകളില്‍ നിന്നും ലഭിക്കും.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക