മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കുന്നത് കര്‍ണാടക? യെദ്യൂരപ്പയെ അന്നു താഴെയിറക്കിയതും സമാനമായ കോടതിവിധി

0
284

ന്യൂദല്‍ഹി: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് കര്‍ണാടകയില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ്. കര്‍ണാടകയില്‍ ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിക്കുറച്ച് അന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

കര്‍ണാടകത്തിലും ബി.ജെ.പി ഭരണത്തിലിരുന്നപ്പോഴാണു നിര്‍ണായകമായ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. കഴിഞ്ഞവര്‍ഷം മേയില്‍ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും അതിനെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയുമായിരുന്നു.

കേസില്‍ രാത്രി വൈകി വാദം കേട്ട സുപ്രീം കോടതി ബി.ജെ.പി സര്‍ക്കാരിനോട് തൊട്ടടുത്ത ദിവസം തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനു മുന്‍പേ യെദ്യൂരപ്പ രാജിവെച്ച് ഒഴിയുകയായിരുന്നു. ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാതെ വന്നപ്പോഴായിരുന്നു ഇത്.

അന്ന് ഗവര്‍ണര്‍ വാജുഭായ് വാല അനുവദിച്ച 15 ദിവസത്തെ സമയം വെട്ടിക്കുറച്ചുകൊണ്ടാണ് സുപ്രീം കോടതി ഇടപെട്ടത്. അതേസമയം മഹാരാഷ്ട്രയില്‍ നവംബര്‍ 30 വരെ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി അനുവദിച്ച സമയമാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

പരസ്യബാലറ്റിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി.

വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഭരണഘടന മുറുകെ പിടിക്കാനായി നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദേശം മുന്നോട്ടു വെക്കുന്നു എന്നാണ് പറഞ്ഞത്.

എന്നാല്‍ പ്രോം ടേം സ്പീക്കറെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ തീരുമാനം വന്നിട്ടില്ല. എം.എല്‍.എമാര്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് നാളെത്തേക്ക് മാറ്റിയത്.

വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ 14 ദിവസത്തെ സമയം വേണമെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി ആവശ്യപ്പെടുകയായിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here