ന്യൂദല്‍ഹി: (www.mediavisionnews.in) അഫ്ഗാനിസ്താനില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൂട്ടത്തോടെ കീഴടങ്ങിയ ഐ.എസ് ബന്ധമുള്ളവരില്‍ മലയാളി സ്ത്രീയും ഉള്ളതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ ഐ.എസില്‍ ചേര്‍ന്നവരും ബന്ധമുള്ളവരുമായ അറുന്നൂറോളം പേരാണ് അഫ്ഗാന്‍ അധികൃതര്‍ക്കു മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.
കാസര്‍ഗോഡ് സ്വദേശിനിയായ ആയിഷ എന്ന സോണിയാ സെബാസ്റ്റിയന്‍ (32) ആണ് ഇവരുടെ കൂട്ടത്തിലുള്ള മലയാളിയെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.
കീഴടങ്ങിയവരുടെ മുന്‍കാല ഫോട്ടോകള്‍ പരിശോധിച്ചെന്നും അതിലൊന്ന് സോണിയയാണെന്നുമാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. സോണിയ ഒരു കുട്ടിയുമായി ഇരിക്കുന്ന ചിത്രം ഇവര്‍ പരിശോധിച്ചതായും ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യന്‍ അധികൃതര്‍ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
2016-ല്‍ അഫ്ഗാനിലെ ഖൊറാസന്‍ പ്രവിശ്യയിലുള്ള ഐ.എസ് ഘടകത്തില്‍ ചേരാനായിപ്പോയ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘത്തിലാണ് സോണിയയും പോയത്. 21 പേരാണ് അന്നു വിവിധ സംഘങ്ങളായിപ്പോയത്. ഇറാനില്‍ നിന്ന് അവര്‍ കാല്‍നടയായാണ് അഫ്ഗാനിലേക്കു പോയതെന്നു നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
സോണിയക്കും ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ളയ്ക്കും എതിരെ 2017-ല്‍ ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി ഐ.എസ് ബന്ധമുള്ള 127 പേരെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞമാസം എന്‍.ഐ.എ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്ന് 14 പേരെയാണ് അറസ്റ്റ് ചെയ്തത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക