മട്ടന്നൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച രണ്ടുകോടിയിലധികം രൂപയുടെ സ്വർണം കസ്റ്റംസും ഡി.ആർ.ഐ.യും ചേർന്ന് പിടികൂടി. ആറു യാത്രക്കാരിൽനിന്നാണ് അഞ്ചരക്കിലോയോളം സ്വർണം പിടിച്ചത്.
വ്യാഴാഴ്ച രാത്രി മസ്കറ്റിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയ ബേപ്പൂർ സ്വദേശി മുഹമ്മദ് അമീറിൽനിന്ന് 729 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് പരവനടുക്കം സ്വദേശി കടവത്ത് അബൂബക്കർ മുഹമ്മദ് നാദിർ, കോഴിക്കോട് നരിക്കുനിയിലെ കീഴ്പറമ്പിൽ മുഹമ്മദ് ഷാഫി, മലപ്പുറം മഞ്ചേരി കുപ്പത്തിൽ നഹീം, മലപ്പുറം കുറവത്ത് കയ്പനി കുഴീക്കര പീടികയിൽ അജ്മൽ, കോഴിക്കോട്ടെ നാലുക്കടി പറമ്പിൽ മുജീബ് എന്നിവരിൽനിന്ന് ഡി.ആർ.ഐ. നാലരക്കിലോ സ്വർണവും പിടിച്ചെടുത്തു.
എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ വിമാനങ്ങളിൽ ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നുമെത്തിയതായിരുന്നു അഞ്ചുപേരും. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. ഡി.ആർ.ഐ. 1.76 കോടി രൂപയുടെയും കസ്റ്റംസ് 28 ലക്ഷത്തിന്റെയും സ്വർണമാണ് പിടികൂടിയത്. ഇവരുടെ പേരിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞയാഴ്ച നാല് യാത്രക്കാരിൽനിന്നായി ലക്ഷങ്ങൾ വിലമതിക്കുന്ന 30 കിലോ കുങ്കുമപ്പൂവും സ്വർണവും ലഹരിവസ്തുക്കളും പിടികൂടിയിരുന്നു. കണ്ണൂർ വിമാനത്താവളംവഴി സ്വർണക്കടത്ത് വീണ്ടും വ്യാപകമായതോടെ ഡി.ആർ.ഐ.യും കസ്റ്റംസും പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക