30 പന്തില്‍ 91, അമ്പരപ്പിച്ച് ക്രിസ് ലിന്‍, ഞെട്ടിത്തരിച്ച് കൊല്‍കത്ത

0
229

അബുദാബി (www.mediavisionnews.in) :ഐപിഎല്ലില്‍ സ്വന്തം ടീമില്‍ നിന്നും ക്രിസ് ലിന്നിനെ ഒഴിവാക്കിയതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇപ്പോള്‍ തലയില്‍ കൈവക്കുന്നുന്നുണ്ടാകും. അബുദാബിയില്‍ വെച്ച് നടന്ന ടി10 ക്രിക്കറ്റ് ലീഗില്‍ അവിശ്വസനീയ പ്രകടനമാണ് ക്രിസ് ലിന്‍ കാഴ്ച്ചവെച്ചത്. കേവലം 30 പന്തില്‍ നിന്നും 91 റണ്‍സാണ് ലിന്‍ തന്റെ ടീമായ മറാത്ത അറേബ്യന്‍സിന് വേണ്ടി വാരിക്കൂട്ടിയത്.

ടീമിന്റെ നായകന്‍ കൂടിയായ ലിന്‍ ഏഴു കൂറ്റന്‍ സിക്സറുകളും ഒമ്പത് ബൗണ്ടറികളും അടിച്ചുകൂട്ടി. ടി10യുടെ ചരിത്രത്തില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് താരം അലെക്സ് ഹെയ്ല്‍സ് 32 പന്തില്‍ പുറത്താവാതെ നേടിയ 87 റണ്‍സെന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

ലിന്നിന്റെ ഗംഭീര ഇന്നിങ്സിന്റെ മികവില്‍ ടീം അബുദാബിക്കെതിരേ 24 റണ്‍സിന്റെ മികച്ച വിജയമാണ് മറാത്ത അറേബ്യന്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് വീശിയ മറാത്ത ടീം നിശ്ചിത 10 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 138 റണ്‍സ് സ്വന്തമാക്കി. മറുപടിയില്‍ മൂന്നു വിക്കറ്റിന് 114 റണ്‍സെടുക്കാനെ ടീം അബുദാബിക്കായുള്ളൂ.

തികച്ചും അപ്രതീക്ഷിതമായാണ് ഐപിഎല്ലില്‍ ലിന്നിനെ കൊല്‍ക്കത്ത ഒഴിവാക്കിയത്. മുന്‍ സീസണുകളില്‍ പല മല്‍സരങ്ങളിലും ടീമിന് സ്ഫോടനാത്മക തുടക്കം നല്‍കിയിട്ടുള്ള താരത്തെ തഴഞ്ഞത് ആരാധകരനെയും നിരാശപ്പെടുത്തിയിരുന്നു. താര ലേലത്തിനു മുന്നോടിയായി കൊല്‍ക്കത്ത ഒഴിവാക്കിയ 13 താരങ്ങളില്‍ ഒരാളാണ് ലിന്‍.

റോബിന്‍ ഉത്തപ്പ, പിയൂഷ് ചൗള തുടങ്ങിയ വെറ്ററന്‍ താരങ്ങളും തഴയപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. പരിക്കും ഫിറ്റ്നസില്ലായ്മയുമാണ് ലിന്നിനെ കെകെആര്‍ ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നൊണ് സൂചന.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here