പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം; ഡിസംബറിൽ പ്രതിഷേധമാസം: സിപിഐ എം

0
211

ന്യൂഡൽഹി (www.mediavisionnews.in) : പൊതുമേഖല സ്ഥാപനങ്ങൾ വൻതോതിൽ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഡിസംബറിൽ ഉടനീളം  പ്രതിഷേധപരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാൻ പാർടിയുടെ എല്ലാ ഘടകങ്ങളോടും സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു.

അടുത്തവർഷം ജനുവരി എട്ടിനു കേന്ദ്രട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിനു പാർടി പിന്തുണ പ്രഖ്യാപിച്ചു. പൊതു ആസ്‌തികൾ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഷേധവും പ്രക്ഷോഭവുമെന്ന്‌ പൊളിറ്റ്‌ബ്യൂറോ യോഗ തീരുമാനങ്ങൾ വിശദീകരിച്ച്‌ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

  രാജ്യം കടുത്ത സാമ്പത്തിക തകർച്ച നേരിടുമ്പോൾ മോഡിസർക്കാർ ആഭ്യന്തര–വിദേശ കുത്തകകൾക്ക്‌ പരമാവധിലാഭം കൊയ്യാൻ അവസരങ്ങൾ തുറന്നുകൊടുക്കുന്നു. ജനങ്ങളിൽ ബഹുഭൂരിപക്ഷത്തെയും കൂടുതൽ ദുരിതങ്ങളിലേക്ക്‌ തള്ളിയിടുകയാണ്‌. കൃഷി, വ്യവസായം, സേവനങ്ങൾ എന്നിങ്ങനെ സമ്പദ്‌ഘടനയുടെ എല്ലാ മേഖലകളിലും  കടുത്ത മാന്ദ്യമാണ്‌.

വ്യവസായഉൽപാദനത്തിൽ എട്ടു വർഷത്തെ ഏറ്റവും വലിയ ഇടിവാണ്‌. വൈദ്യുതിആവശ്യം 12 വർഷത്തെ ഏറ്റവും താഴ്‌ന്ന തോതിൽ. സാമ്പത്തികവളർച്ച ഇക്കൊല്ലം അഞ്ച്‌ ശതമാനത്തിൽ താഴെയാകുമെന്നാണ്‌  എല്ലാ ഏജൻസികളുടെയും നിഗമനം.

 ഗ്രാമീണമേഖലയിലെ ഉപഭോക്‌തൃ ചെലവഴിക്കൽ 2017–18ൽ 8.8 ശതമാനം ഇടിഞ്ഞു. ദാരിദ്ര്യനിരക്കിലെ വർധനയാണ്‌ ഇതിൽനിന്ന്‌ വ്യക്തമാകുന്നത്‌. തൊഴിലില്ലായ്‌മ 50 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌. ശമ്പളമില്ലാത്ത അവധിപ്രഖ്യാപിക്കലും കൂട്ടപിരിച്ചുവിടലുകളും ഐടി മേഖലയിൽ അടക്കം പതിവായി.

 ഇതിനുപുറമെയാണ്‌ സർക്കാർ പൊതുമേഖലസ്ഥാപനങ്ങളെ വൻതോതിൽ സ്വകാര്യവൽക്കരിക്കുന്നത്‌. രാജ്യത്തിന്റെ സ്വാശ്രയത്വം തകർക്കുന്ന വിധത്തിൽ മോഡിസർക്കാർ ശിങ്കിടിമുതലാളിത്തത്തിനു ആനുകൂല്യങ്ങൾ നൽകുകയാണ്‌. ഇത്തരം സ്വകാര്യവൽക്കരണം തൊഴിലില്ലായ്‌മ കൂടുതൽ രൂക്ഷമാക്കും. അധഃസ്ഥിത ജനവിഭാഗങ്ങൾക്ക്‌ സംവരണം വഴി ലഭിച്ചുവന്നിരുന്ന ചെറിയതോതിലുള്ള ആശ്വാസംപോലും ഇല്ലാതാകും.

 ജനങ്ങളുടെ വാങ്ങൽകഴിവുകൾ കുത്തനെ ഇടിഞ്ഞതാണ്‌ സാമ്പത്തികമാന്ദ്യത്തിനു കാരണം. സമ്പദ്‌ഘടനയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടത്‌  ജനങ്ങളുടെ വാങ്ങൽകഴിവുകൾ ഉയർത്തി  അതുവഴി ആഭ്യന്തരചോദന വർധിപ്പിക്കലാണ്‌. എന്നാൽ മോഡിസർക്കാർ രണ്ട്‌ ഘട്ടമായി 2.15 ലക്ഷം കോടി രൂപയുടെ നികുതിയിളവും ഇതര ആനുകൂല്യങ്ങളും കോർപറേറ്റുകൾക്ക്‌ നൽകുകയാണ്‌ ചെയ്‌തത്‌. പൊതുനിക്ഷേപം വർധിപ്പിക്കാൻ ഇത്രയും തുക വിനിയോഗിച്ചിരുന്നെങ്കിൽ ലക്ഷക്കണക്കിനു തൊഴിലവസരം ഉണ്ടായേനെ–-സീതാറാം യെച്ചൂരി പറഞ്ഞു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here