തിരുവനന്തപുരം: (www.mediavisionnews.in) കേസുകള്‍ നടത്താനായി മാത്രം സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നെന്ന് വിവരാവകാശ രേഖ. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 300-ല്‍ പരം കേസുകള്‍ക്ക് ഹാജരാകാന്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 12.22 കോടി രൂപയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
കേസിന്റെ പ്രാധാന്യം അനുസരിച്ച് വിഷയത്തില്‍ വൈദഗ്ധ്യമുളള അഭിഭാഷകരെ നിയോഗിക്കാറുണ്ട്. എന്നാല്‍ ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ 34 ലക്ഷം രൂപ ചെലവഴിച്ചത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതികളായ ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ കൊണ്ടുവന്ന അഭിഭാഷകര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്രയും പണം ചെലവഴിച്ചത്. വിജയ് ഹന്‍സാരിയ, അമരേന്ദ്രര്‍ ശരണ്‍ സീനിയര്‍ എന്നി അഭിഭാഷകരാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജറായത്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിക്കെതിരെ വാദിക്കാന്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറിന് ഫീസായി 1.20 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ 76.82 ലക്ഷം രൂപ ഫീസ് ആവശ്യപ്പെട്ട ഒരു കേസില്‍ 64.40 ലക്ഷം രൂപ നല്‍കി.
മറ്റൊരു കേസില്‍ ഹരേന്‍ പി റാവലിനു 64 ലക്ഷം രൂപയും സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്ന് അനുവദിച്ചെന്നാണ് കണക്കുകള്‍. രണ്ട് കേസുകള്‍ക്ക് പല്ലവ് സിസോദിയയ്ക്കു 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, മറ്റ് സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവരടങ്ങുന്ന വലിയ നിരയുള്ളപ്പോഴാണ് കോടികള്‍ മുടക്കി സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ എത്തിച്ചത്.
അഡ്വക്കേറ്റ് ജനറലിന്റെ റീട്ടെയ്‌നര്‍ ഫീ നിലവില്‍ പ്രതിമാസം രണ്ട് ലക്ഷം രൂപയാണ്. അതിന് പുറമേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് ഓരോ തവണയും 3500 രൂപയും ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ ഒരു തവണ ഹാജരാകുന്നതിന് 7000 രൂപയുമാണ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.