മംഗളൂരു: (www.mediavisionnews.in) നഗരത്തിൽ രണ്ടിടത്തായി കഞ്ചാവ് വിൽക്കുകയായിരുന്ന മലയാളിയടക്കം നാലുപേർ അറസ്റ്റിൽ. കാസർകോട് മഞ്ചേശ്വരം ദുർഗപള്ള പിരാറമൂല മനയിൽ മുഹമ്മദ് ഷാഫിഖ് (29), മൈസൂരു ജയപുരക്കടുത്ത ബീരിഹുണ്ടി കെർഗള്ളി സ്വദേശികളായ ശിവകുമാർ, (ശിവ-26), എസ്.കുമാർ (23), മംഗളൂരു ദർലക്കട്ട നാട്ടേക്കൽ സർക്കിളിനടുത്ത ഫാത്തിമ ബിൽഡിങ്ങിൽ മുഹമ്മദ് ഹനീഫ് (32) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് സിറ്റി ക്രൈം ബ്രാഞ്ചും മംഗളൂരു സൗത്ത് പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പോലീസിന്റെ വലയിലായത്. മംഗളൂരു നെഹ്രു മൈതാൻ പരിസരത്ത് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കവേയാണ് മുഹമ്മദ് ഷാഫിഖും മുഹമ്മദ് ഹനീഫും പിടിയിലായത്. 21,000 രൂപ വിലവരുന്ന 525 ഗ്രാം കഞ്ചാവ്, രണ്ട് മൊബൈൽ ഫോണുകൾ, 2,000 രൂപ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു. മുഹമ്മദ് ഹനീഫിനെതിരേ മംഗളൂരു സിറ്റി നോർത്ത്, സൗത്ത്, കൊണാജെ സ്റ്റേഷനുകളിൽ കഞ്ചാവുവിൽപ്പനയ്ക്ക് നേരത്തേ കേസുകൾ നിലവിലുണ്ട്. ബജാൽ ക്രോസിൽ കഞ്ചാവ് വിൽക്കവെയാണ് ശിവകുമാറും എസ്. കുമാറും പിടിയിലായത്. കാൽ കിലോ കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തു. കങ്കനാടി പോലീസും ഗുണ്ടാവിരുദ്ധ സ്ക്വാഡും ചേർന്നുനടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക