ദുബായ്(www.mediavisionnews.in) :ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസന് ക്രിക്കറ്റിൽ നിന്നു വിലക്ക്. വാതുവെപ്പ് ഏജൻ്റുമാർ പലതവണ സമീപിച്ചിട്ടും അത് റിപ്പോർട്ട് ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഐസിസി അഴിമതി വിരുദ്ധ സമിതി ഷാക്കിബിനെ വിലക്കിയത്. രണ്ട് വർഷത്തെ വിലക്കായിരുന്നു ഉണ്ടായിരുന്നതെങ്കിലും അത് ഒരു വർഷമാക്കി ഐസിസി ചുരുക്കുകയായിരുന്നു.
“ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഈ ഗെയിമിൽ നിന്ന് എന്നെ വിലക്കിയത് വലിയ ദുഖമുണ്ടാക്കുന്നുണ്ട്. പക്ഷേ, ഐസിസിയുടെ നടപടി ഞാൻ സ്വീകരിക്കുന്നു. വാതുവെപ്പ് ഏജൻ്റുമാർ സമീപിക്കുമ്പോൾ അത് റിപ്പോർട്ട് ചെയ്യുക എന്ന ജോലി ഞാൻ ചെതില്ല. അതുകൊണ്ട് തന്നെ ഈ വിലക്ക് ഞാൻ സ്വീകരിക്കുന്നു”- ഷാക്കിബ് പറയുന്നു. 2020 ഒക്ടോബർ 29 മുതലാണ് ഷാക്കിബിന് ഇനി ക്രിക്കറ്റ് കളി തുടരാനാവുക.
“ലോകത്തെ മറ്റേതു കളിക്കാരെയും ആരാധകരെയും പോലെ ഈ ഗെയിം അഴിമതി രഹിതമായിരിക്കണെമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയോടൊപ്പം ജോലി ചെയ്യാൻ എനിക്ക് സന്തോഷമാണ്”- ഷാക്കിബ് കൂട്ടിച്ചേർത്തു.
നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായുള്ള വേതനത്തർക്കത്തെത്തുടർന്ന് ഷാക്കിബിൻ്റെ നേതൃത്വത്തിൽ കളിക്കാർ സമരത്തിൽ ഏർപ്പെട്ടിരുന്നു. കളിക്കാരുടെ ആവശ്യങ്ങൾ ബോർഡ് അംഗീകരിച്ചതിനു ശേഷമാണ് ഇവർ സമരം നിർത്തിയത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.