ധാക്ക(www.mediavisionnews.in) :ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ബംഗ്ലാദേശ് ടീമില്‍ നിന്ന് നായകന്‍ ഷാക്കിബ് അല്‍ ഹസനെ ഒഴിവാക്കുന്നു. ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി നടക്കുന്ന പരിശീലന ക്യാമ്പില്‍ അപൂര്‍വ്വമായി മാത്രം പങ്കെടുത്തതാണ് ഷാക്കിബിന് തിരിച്ചടിയായത്.
നാല് ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ ഒരു നെറ്റ് സെഷനില്‍ മാത്രമാണ് ഷാക്കിബ് പങ്കെടുത്തത്. ഇതിന് പിന്നാലെ പ്രതിഫലം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഷാക്കിബിന്റെ നേൃത്വത്തില്‍ കളിക്കാര്‍ ബോര്‍ഡിനെതിരെ സമരവും പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ കളിക്കാരുടെ ആവശ്യത്തിന് ബോര്‍ഡിന് വഴങ്ങേണ്ടിവന്നു. ഇതോടെയാണ് പ്രതികാര നടപടിയായി ഷാക്കിബിനെ ലക്ഷ്യമാക്കി ബോര്‍ഡു നീങ്ങുന്നത്.
പരസ്യക്കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഷാക്കിബിനെതിരെ നടപടിയെടുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഭീഷണിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രശ്‌നം രൂക്ഷമാക്കി കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായ ഷാക്കിബിനെ തഴയാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
അതെസമയം ഇന്ത്യയ്‌ക്കെതിരായ ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞു. ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാന്‍ രണ്ടോ മൂന്നോ ദിവസത്തെ സമയം കൂടി വേണമെന്നും അക്ര ഖാന്‍ വ്യക്തമാക്കി.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക