കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ നിബന്ധനകളോടെ വിസ മാറ്റം: പുതിയ നിയമം പ്രാബല്യത്തിൽ

0
257

കുവൈത്ത്‌ സിറ്റി (www.mediavisionnews.in): കുവൈറ്റിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ മറ്റു മേഖലകളിലേക്ക്‌ നിബന്ധനകളോടെ വിസ മാറ്റം അനുവദിച്ച്‌ കൊണ്ടുള്ള പുതിയ നിയമം ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത്‌ സന്ദർശകരെ ആകർഷിക്കുന്നതിനായി വിസ ചട്ടങ്ങളിൽ കാതലായ പല മാറ്റങ്ങളും വരുത്തികൊണ്ടാണ്‌ ആഭ്യന്തര മന്ത്രി ഷൈഖ്‌ ഖാലിദ്‌ അൽ ജറാഹ്‌ അൽ സബാഹ്‌ ഇത്‌ സംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

പുതിയ നിയമ പ്രകാരം സന്ദർശക വിസയിൽ രാജ്യത്ത്‌ എത്തുന്നവർക്ക്‌ ഗാർഹിക മേഖലയിലേക്ക്‌ വിസ മാറ്റത്തിനു അനുമതി നൽകുന്നു. സന്ദർശക വിസയിലോ വിനോദസഞ്ചാര വിസയിലോ എത്തുന്നവർക്ക്‌ മന്ത്രാലയം നേരത്തെ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾക്ക്‌ വിധേയമായി ആശ്രിത വിസയിലേക്കുള്ള മാറ്റവും അനുവദിക്കും.

തൊഴിൽ വിസയിൽ രാജ്യത്ത്‌ പ്രവേശിക്കുകയും, വിസ സ്റ്റാമ്പിംഗ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ രാജ്യത്ത്‌ നിന്നും തിരിച്ചു പോകാൻ നിർബന്ധിതരായവർക്ക്‌ ഒരു മാസത്തിനകം സന്ദർശക വിസയിൽ തിരിച്ചെത്തിയാൽ തൊഴിൽ വിസയിലേക്ക്‌ മാറ്റം അനുവദിക്കും.

രാജ്യത്തെ സർക്കാർ ആശുപത്രികളിലോ, സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലോ ചികിൽസ തേടി എത്തുന്നവർക്കും കൂടെയുള്ളവർക്കും പ്രവേശന വിസ അനുവദിക്കും. ഇതിനായി അപേക്ഷകൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നോ സർക്കാർ അംഗീകരിച്ച ആശുപത്രികളിൽ നിന്നോ ഉള്ള സാക്ഷ്യ പത്രം ഹാജരാക്കണം.

വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക്‌ രാജ്യത്തെ സർക്കാർ , സ്വകാര്യ സർവ്വകലാ ശാലകളിൽ പഠന വിസ അനുവദിക്കുക എന്നതും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.ഇതിനായി സർക്കാർ സർവ്വകലാ ശാലയിൽ നിന്നോ അല്ലെങ്കിൽ സ്വകാര്യ സർവ്വകലാ ശാലയിൽ നിന്നോ നൽകുന്ന പഠന യോഗ്യത സർട്ടിഫിക്കേറ്റ്‌ ഹാജരാക്കണം.ഒരു മാസത്തേക്കുള്ള മൾടി എന്റ്രി വിസ ഒരു വർഷം വരെ നീട്ടി നൽകും.

വിസാ കാലാവധി കഴിഞ്ഞവർക്കുള്ള താൽക്കാലിക വിസയുടെ കാലാവധി ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ പരമാവധി 3 മാസമായി പരിമിതപ്പെടുത്തി.പ്രത്യേക കേസുകളിൽ പരമാവധി ഒരു വർഷം വരെ താൽക്കാലിക വിസ ( എക്സിറ്റ്‌) അനുവദിക്കും. ഈ കാലയളവിൽ താമസ രേഖ പുതുക്കുവാനോ മറ്റൊരു സ്പോൺസർ ഷിപ്പിലേക്ക്‌ മാറ്റുവാനോ സാധിക്കാതെ വന്നാൽ രാജ്യം വിടേണ്ടി വരും.

ഹോട്ടൽ , അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന വിദേശികളുടെ വിശദാംശങ്ങൾ 48 മണിക്കൂറിനകം താമസകാര്യ സമിതി കേന്ദ്രത്തിൽ ജീവനക്കാർ അറിയിക്കേണ്ടതാണെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. വിസ ഫീസ്‌ നിരക്കിൽ വർദ്ധനവ്‌ വരുത്താതെയാണു പുതിയ ഉത്തരവ്‌.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here