ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക കുറച്ച്‌ സര്‍ക്കാര്‍; സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി; നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

0
217

തിരുവനന്തപുരം: (www.mediavisionnews.in) ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുതിയ കേന്ദ്ര നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പിഴ തുക ഭൂരിപക്ഷത്തിനും പകുതിയായി കുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍പോര്‍ട്ട് വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള നിയമ ലംഘനങ്ങള്‍ക്ക് ആയിരം രൂപയാണ് കേന്ദ്ര നിയമം നിര്‍ദേശിക്കുന്ന പിഴ തുക. ഇത് അഞ്ഞൂറു രൂപയായി കുറച്ചു. അമിത വേഗതയ്ക്ക് ആദ്യം 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയും പിഴ ഈടാക്കും. അമിതഭാരം കയറ്റലിന് 20000 രൂപയില്‍ നിന്ന് 10000 രൂപയായി പിഴ കുറച്ചു. അതേസമയം മദ്യപിച്ചുള്ള ഡ്രൈവിങ്ങിനുള്ള പിഴ തുക കേന്ദ്ര നിയമത്തിലുള്ള അതേപടി തുടരുമെന്നാണ് റിപ്പോര്‍ട്ട്. പിഴത്തുക സംബന്ധിച്ച്‌ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കും.

കേന്ദ്ര നിയമം നടപ്പാക്കി സംസ്ഥാനത്ത് വിജ്ഞാപനം ഇറക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അതില്‍ എങ്ങനെ മാറ്റം വരുത്താനാവുമെന്നാണ് സര്‍ക്കാര്‍ പരിശോധിച്ചത്. വിജ്ഞാപനം പിന്‍വലിക്കാനാവുമോയെന്ന് സര്‍ക്കാര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ബിജെപി ഭരിക്കുന്നവ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പിഴ തുക കുറയ്ക്കുമെന്നു ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഇവര്‍ സ്വീകരിച്ച നിയമത്തിലെ പഴുതുകളും, ആ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും അടക്കം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഗതാഗതം നിയമം ലംഘിക്കുന്നതിനുള്ള പിഴ തുക അമ്ബത് ശതമാനമായി കുറച്ച ഗുജറാത്ത് സര്‍ക്കാരിന്റെ മാതൃക പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. വലിയ പിഴ ഈടാക്കുന്നത് ഇപ്പോള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും അടക്കം രംഗത്തു വന്നിരുന്നു. പുതിയ നിയമം അശാസ്ത്രീയമാണെന്നും, വന്‍ അഴിമതിക്ക് കളമൊരുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here