തിരുവനന്തപുരം: (www.mediavisionnews.in) തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സുരക്ഷയ്ക്കായി 3696 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
3696 പൊലീസ് ഉദ്യോഗസ്ഥരിൽ 33 ഡിവൈഎസ്പിമാരും 45 സർക്കിൾ ഇൻസ്‌പെക്ടർമാരും 511 സബ്ബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടുന്നു. കൂടാതെ കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടെ 6 പ്ലറ്റൂണിനെയും വിവിധ നിയോജക മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് രണ്ട് പ്ലറ്റൂണും മറ്റ് നാല് മണ്ഡലങ്ങളിലും ഒരു പ്ലറ്റൂൺ വീതവുമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇലക്ഷൻ സെൽ എല്ലാ മണ്ഡലങ്ങളിലും സുഗമമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഡി.ഐ.ജി സി.നാഗരാജു, സ്‌പെഷ്യൽ സെൽ എസ്.പി വി.അജിത് എന്നിവർ നോഡൽ ഓഫീസർമാരാണ്.
വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 21 നാണ് വോട്ടെടുപ്പ് നടക്കുന്നത്. 24 ന് വോട്ടെണ്ണൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ലേബർ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.