ഉണ്ണിത്താന് ലഭിച്ച പി.ഡി.പി വോട്ടുകൾ ഇക്കുറി എങ്ങോട്ട്? മഞ്ചേശ്വരത്ത് നിർണായകം

0
181

കാസർകോട്: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോൾ ചെയ്യുന്ന ഓരോ വോട്ടിനും വിലയുള്ള മഞ്ചേശ്വരത്ത് സാമാന്യം വോട്ട് ബാങ്കുള്ള അബ്ദുൾ നാസർ മഅദനി നയിക്കുന്ന പി.ഡി.പിയുടെ വോട്ടുകൾ ആർക്കായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് മുന്നണികൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് അനുകൂലമായി നിലപാട് എടുക്കുകയും വോട്ടുകൾ അദ്ദേഹത്തിന് നൽകുകയും ചെയ്ത പി.ഡി.പി പ്രവർത്തകർ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുമെന്നാണ് പറയുന്നത്.

കേരള രാഷ്ട്രീയത്തിൽ പലപ്പോഴും അബ്ദുൾ നാസർ മഅദനി ഇടതുമുന്നണിക്ക് അനുകൂലമായ നിലപാടുകളാണ് കൈക്കൊണ്ടിരുന്നത്. ഇടത് അനുകൂല നിലപാടുകളിൽ മാറ്റം വേണോ എന്ന കാര്യത്തിൽ പി.ഡി.പി സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് ചർച്ച ചെയ്‌തെങ്കിലും തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ താല്പര്യം കൂടി പരിഗണിച്ച് പി.ഡി.പി നിലപാട് രണ്ട് ദിവസം കഴിഞ്ഞു പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനി ബംഗളൂരുവിൽ പ്രഖ്യാപിക്കുമെന്നാണ് പി.ഡി.പി സംസ്ഥാന ഭാരവാഹി ബഷീർ കുഞ്ചത്തൂർ പറഞ്ഞത്.

2006 ലും 2011 ലും മണ്ഡലത്തിൽ പി.ഡി.പിയുടെ പിന്തുണ എൽ.ഡി.എഫിനായിരുന്നു. 2016ൽ ബഷീർ കുഞ്ചത്തൂർ മത്സരരംഗത്ത് ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോർക്കാടി, കുമ്പള, ഉപ്പള ഡിവിഷനുകളിൽ തനിച്ചു മത്സരിച്ചിരുന്ന പി.ഡി.പി സ്ഥാനാർത്ഥികൾക്ക് 6800 വോട്ടുകൾ കിട്ടിയിരുന്നു. മംഗൽപാടി, മഞ്ചേശ്വരം ഗ്രാമപഞ്ചായത്തുകളിൽ പി.ഡി.പിക്ക് ഓരോ മെമ്പർമാരുമുണ്ട്. മഞ്ചേശ്വരം,ഹൊസങ്കടി, പുത്തിഗെ, പൊസോട്ട് , ആരിക്കാടി, ബംബ്രാണ, മുളിയടുക്കം തുടങ്ങിയ പ്രദേശങ്ങൾ പി.ഡി.പിക്ക് സ്വന്തമായി വോട്ടുള്ള കേന്ദ്രങ്ങളാണ്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here