മഞ്ചേശ്വരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജില്ലയിലെ എല്ലാ ബാങ്കുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ അനുശാസിക്കുന്ന പണമിടപാട് സംബന്ധിച്ചുളള മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ കമൽജിത്ത് കെ. കമൽ അറിയിച്ചു. ഉപതിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന സംശയകരമായ എല്ലാ പണമിടപാടുകളെക്കുറിച്ചും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെയോ, ചിലവ് നിരീക്ഷണ സെല്ലിനെയോ അറിയിക്കണം.
ഉപതിരഞ്ഞെടുപ്പ് കാലയളവിൽ സംശയകരമായരീതിയിൽ ഒരുലക്ഷത്തിലധികംരൂപ പിൻവലിക്കുകയോ, നിക്ഷേപിക്കുകയോ, ഒരു ബാങ്ക് അക്കൗണ്ടിൽനിന്ന് പല വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് ആർ.ടി.ജി.എസ്., എൻ.ഇ.എഫ്.ടി. വഴി ട്രാൻസ്‌ഫർ ചെയ്യുകയ്യോ പാടില്ല. സ്ഥാനാർഥിയുടെയോ, ബന്ധുക്കളുടെയോ അക്കൗണ്ടുകളിൽനിന്ന് അവർ നിർദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് ഒരുലക്ഷമോ അതിലധികമോ നിക്ഷേപിക്കുകയോ പിൻവിലക്കുകയോ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. എല്ലാ ബാങ്ക് മാനേജർമാരും കളക്ടർക്ക് ഉപതിരഞ്ഞെടുപ്പ് കാലയളവിൽ നൽകുന്ന ദൈനംദിന റിപ്പോർട്ടിന്റെ കാര്യത്തിൽ അലഭാവംപുലർത്തരുത്. 10 ലക്ഷം രൂപയിൽ കൂടുതൽ പണമിടപാട് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബാങ്ക് മാനേജർമാർ ആവിവരം ആദായനികുതി വിഭാഗത്തെ കൂടി അറിയിക്കണം. ബാങ്കുകളിൽനിന്ന് എ.ടി.എമ്മുകളിലേക്ക് പണവുമായി പോകുന്ന വാഹനങ്ങൾക്ക് ബാങ്കിന്റെ ഔദ്യോഗികവാഹനം അകമ്പടിസേവിക്കണം. എ.ടി.എമ്മിലേക്ക് കൊണ്ടുപോകുന്ന പണത്തെ സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിക്കണം.