സൗദിയിലെ നിയമങ്ങളില്‍ ഇളവ് വരുന്നു; വിവാഹിതരല്ലെങ്കിലും വിദേശികളായ സ്ത്രീക്കും പുരുഷനും ഇനി ഒന്നിച്ച് ഹോട്ടലില്‍ താമസിക്കാം

0
278

റിയാദ്: (www.mediavisionnews.in) ഇനിമുതല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലെങ്കില്‍പ്പോലും വിദേശികളായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ ഒരു മുറിയില്‍ കഴിയാം. മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാണ് സൗദി ഭരണകൂടം വിദേശ സഞ്ചാരികള്‍ക്കായി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിദേശികളെ ആകര്‍ഷിക്കാനായി അടുത്തിടെ പുതിയ ടൂറിസ്റ്റ് വിസ തുടങ്ങിയതിനു പിന്നാലെയാണ് സൗദിയുടെ ഈ നീക്കം.

വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള രാജ്യമെന്ന നിലയ്ക്കാണ് സൗദിയില്‍ വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീക്കും ഒന്നിച്ചു താമസിക്കുന്നതിനു വിലക്കുള്ളത്.

എന്നാല്‍ ഈ വിലക്ക് വിദേശികള്‍ക്കു മാത്രമായി ഇപ്പോള്‍ ഒഴിവാക്കിയത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണെന്നാണു വിലയിരുത്തപ്പെടുന്നത്.

ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് കമ്മീഷനാണ് സൗദി പത്രമായ ഒകാസ് വഴി ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഹോട്ടലില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ബന്ധം തെളിയിക്കുന്ന രേഖകളോ ഫാമിലി ഐ.ഡിയോ എല്ലാ സൗദിക്കാരും നല്‍കണം.

പക്ഷേ ഇതു വിദേശ സഞ്ചാരികള്‍ക്കു ബാധകമല്ല. ചെക്ക്-ഇന്‍ ചെയ്യുന്ന സമയം ഐ.ഡി നല്‍കിയാല്‍ സൗദി സ്വദേശികളായ സ്ത്രീകള്‍ക്ക് ഹോട്ടലില്‍ താമസിക്കാന്‍ കഴിയും.’- കമ്മീഷന്‍ അറിയിച്ചു.

സൗദിയില്‍ കഴിഞ്ഞ ദിവസമാണ് ‘ഓണ്‍ അറൈവല്‍ വിസ’ സംവിധാനം നിലവില്‍ വന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും 49 വികസിത രാജ്യങ്ങള്‍ക്കാണ് ഇതു നല്‍കുക.

300 റിയാല്‍ വിസ നിരക്കും 140 റിയാല്‍ യാത്രാ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ നല്‍കിയാല്‍ ഓണ്‍ അറൈവല്‍ വിസയെടുക്കാം. ഇന്ത്യക്ക് അടുത്ത ഘട്ടത്തിലേ ഇതു നല്‍കൂവെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഓണ്‍ലൈനായോ വിമാനത്താവളത്തില്‍ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളിലാണ് ഇതിനായി മെഷീനുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.

ഇസ്ലാം ഇതര വിശ്വാസികള്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശനമുണ്ടാവില്ലെന്നും സൗദി വ്യക്തമാക്കിയിരുന്നു.

ഇങ്ങനെ ഓണ്‍ അറൈവല്‍ വിസ നേടുന്നവര്‍ക്ക് ആറുമാസമാണ് സൗദിയില്‍ തങ്ങാനാവുക. എന്നാല്‍ മൂന്നുമാസം കഴിയുമ്പോള്‍ റീ എന്‍ട്രി നിര്‍ബന്ധമാണ്.

അരാംകോയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കും എണ്ണപ്പാടത്തിനും നേരെയുണ്ടായ ആക്രമണത്തിനു ശേഷം സാമ്പത്തികരംഗത്തേറ്റ തിരിച്ചടിയില്‍ നിന്ന് മോചിതരാകാന്‍ വേണ്ടിയാണ് സൗദി ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here