ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി; മഞ്ചേശ്വരത്ത് രവീശ തന്ത്രി മത്സരിക്കും

0
199

തിരുവനന്തപുരം: (www.mediavisionnews.in) വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാവില്ല. പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച് ബിജെപി സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറങ്ങി. കോന്നിയിൽ കെ സുരേന്ദ്രൻ മത്സരിക്കും. അരൂരിൽ കെ പി പ്രകാശ് ബാബു മത്സരിക്കും. എറണാകുളത്ത് സി ജി രാജഗോപാൽ മത്സരിക്കും. മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയ രവീശ തന്ത്രി കുണ്ടാർ തന്നെയാകും സ്ഥാനാർത്ഥി.

കുമ്മനം രാജശേഖരന്‍റെ പേര് തന്നെയാണ് അവസാനനിമിഷം വരെ വട്ടിയൂർക്കാവിൽ പറഞ്ഞു കേട്ടത്. കുമ്മനം ആദ്യം മത്സരിക്കാൻ സമ്മതിച്ചിരുന്നതല്ല. ഇവിടെ കുമ്മനം തന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒ. രാജഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ഒടുവിൽ ആർഎസ്എസ് കൂടി ഇടപെട്ടാണ് കുമ്മനം മത്സരിക്കാൻ സമ്മതിച്ചത്. ഇത് സ്ഥിരീകരിച്ച് ഒ രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത് ഞായറാഴ്ച തന്നെ കുമ്മനം പ്രചാരണം തുടങ്ങുമെന്നാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന് ഇന്ന് രാവിലെക്കൂടി കുമ്മനം പറഞ്ഞതാണ്.

എന്നാൽ ഇതിനിടെയാണ് വി മുരളീധരന്‍റെ പക്ഷത്ത് നിന്നുള്ള ഒരു വിഭാഗം നേതാക്കളിടപെട്ട് കുമ്മനത്തെ വെട്ടണമെന്ന് ആവശ്യപ്പെട്ടത്. വി വി രാജേഷിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കണമെന്നതായിരുന്നു വി മുരളീധര പക്ഷത്തിന്‍റെ താത്പര്യം. എന്തായാലും തർക്കം ഉടലെടുത്ത സ്ഥിതിയ്ക്ക് സാധ്യതാപട്ടികയിൽ രണ്ടാമതുള്ള എസ് സുരേഷിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

പാർട്ടിയിലും പൊതുവേ മണ്ഡലത്തിലും നല്ല ഇമേജുള്ള കുമ്മനത്തെ മത്സരിപ്പിക്കാൻ നിർബന്ധിച്ച ശേഷം ഇങ്ങനെ പിൻമാറുന്നത് വട്ടിയൂർക്കാവിലെ പ്രചാരണത്തിലും ബിജെപിയുടെ ആഭ്യന്തര സമവാക്യങ്ങളിലും ചെറുതല്ലാത്ത പ്രതിഫലനം ഉണ്ടാക്കാൻ തന്നെയാണ് സാധ്യത. അവസാനനിമിഷം വരെ ഇത്തരമൊരു ആശയക്കുഴപ്പം നിലനിർത്തിയതും ബിജെപിക്ക് പ്രചാരണ രംഗത്ത് തിരിച്ചടിയാകും. പ്രചാരണരംഗത്തും ബിജെപി ഇതുവരെ സജീവമായിട്ടില്ല. നാളെയാണ് അഞ്ച് ഉപതെരഞ്ഞെടുപ്പുകൾക്കും പത്രിക നൽകാനുള്ള അവസാന തീയതി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here