കുമ്പള: (www.mediavisionnews.in) കഴിഞ്ഞ കാലവർഷത്തിൽ തകർന്ന കൊടിയമ്മ പാലത്തിന്റെ പുനർനിർമ്മാണം തീരുന്നതുവരെ കാൽനടയാത്രക്കായി ഇരുമ്പ് നടപ്പാലത്തിനുള്ള ഭരണാനുമതി വൈകുന്നത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ ശാഖാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജൂലായ് 21ന് പാലം തകർന്ന ദിവസം തന്നെ നാട്ടുകാർ കവുങ്ങിന്റെ താൽകാലിക പാലം നിർമ്മിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഇരുമ്പ് പാലത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും തുക അൻപതിനായിരത്തിൽ കൂടുതലായതിനാൽ പഞ്ചായത്തിന് അടിയന്തിര പ്രവർത്തിയായി ചെയ്യാൻ നിയമമില്ല. അതിനാൽ ജില്ലാ കലക്ടറെ സമീപിക്കുകയും ദുരന്തനിവാരണ വകുപ്പിൽ നിന്നും നടപ്പാലത്തിന് തുക ആവശ്യപ്പെടുകയുമാണുണ്ടായത്.
പഞ്ചായത്ത് സമർപിച്ച വിശദമായ എസ്റ്റിമേറ്റും റിപ്പോർട്ടും മറ്റു അനുബന്ധ രേഖകളും ഭരണാനുമതിക്കായി സർക്കാറിലേക്ക് അയച്ചെങ്കിലും നാളിതുവരെ യാതൊരു വിധ നടപടിയുമുണ്ടായിട്ടില്ല. സർക്കാറിൽ നിന്നും ഭരണാനുമതി ലഭിച്ചാൽ മാത്രമേ പഞ്ചായത്തിന് ഇരുമ്പ് പാലം നിർമ്മിക്കാൻ കഴിയുകയുള്ളു. വിദ്യാർത്ഥികളടക്കം ദിവസേന നൂറ് കണക്കിനാളുകൾ കവുങ്ങിൻ പാലത്തിലൂടെയാണ് ഇപ്പോഴത്തെ യാത്ര. ഇത്അപകട സാധ്യത കൂടുതലായതിനാൽ അടിയന്തിരമായും സർക്കാർ ഭരണാനുമതി നൽകണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പുതിയ പാലത്തിന്റെ പ്രവൃത്തിക്ക് സാങ്കേതിക തടസ്സം മറികടന്ന് ഒരു കോടി രൂപയ്ക്ക് പുതുക്കിയഭരണാനുമതിയും സങ്കേതികാനുമതിയും ലഭ്യമാക്കുന്നതിന് നേതൃത്വം നൽകിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ, ഇതിനായി പരിശ്രമിച്ച കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ പുണ്ടരീകാക്ഷ, കുമ്പള പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഷ്റഫ് കൊടിയമ്മ എന്നിവരെ മുസ്ലിം യൂത്ത് ലീഗ് അഭിനന്ദിച്ചു. ഭരണാനുമതി ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ ബഹുജനസമരത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും യോഗം മുന്നറിപ്പ് നൽകി.
പ്രസിഡന്റ് സിദ്ധിഖ് ഊജാർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബ്ബാസ് കൊടിയമ്മ ഉദ്ഘാടനം ചെയ്തു. ഐ. മുഹമ്മദ് റഫീഖ്, നൗഫൽ കൊടിയമ്മ, നിസാമുദ്ധീൻ സി.എം, മൂസാ കരീം, അബ്ദുല്ല ഇച്ചിലംപാടി, ഹമീദ് ചത്രംപള്ളം, അബ്ബാസ് എം.എം.കെ, സിദ്ധിഖ് സി.എ, അബ്ദുൽ റഷീദ്, കെ.എ, അൻസാറുദ്ധീൻ കെ.എം, അസീസ് മൈങ്കുടൽ പ്രസംഗിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.