കാസര്‍കോട് (www.mediavisionnews.in) :വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ ഒരു മുഴം മുന്‍പെ എറിഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്ന ബി.ജെ.പിയ്ക്ക് ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല.
നേരത്തെ മത്സരിച്ചിരുന്ന കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തില്‍ നിന്ന് ഇനി ജനവിധി തേടില്ലെന്ന് ഏറെക്കുറെ വ്യക്തമാണ്. മുസ്‌ലിം ലീഗിന്റെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി കമറുദ്ദീനാണ് യു.ഡി.എഫിനായി മത്സരിക്കുന്നത്. മുന്‍ എം.എല്‍.എയായ സി.എച്ച് കുഞ്ഞമ്പുവിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്.
ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനിടയിലാണ് കമറുദ്ദീന്‍ മത്സരിക്കാനിറങ്ങുന്നത്. എം.സി കമറുദീനെ അംഗീകരിക്കില്ലെന്നും മഞ്ചേശ്വരത്തിന് പുറത്ത് നിന്നുള്ള ആരെയും അംഗീകരിക്കില്ലെന്നുമായിരുന്നു യൂത്ത് ലീഗിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കാണ് മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ചുമതല.
മറുവശത്ത് സി.പി.ഐ.എം ആത്മവിശ്വാസത്തിലാണ്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ഇടതു തരംഗത്തില്‍ മഞ്ചേശ്വരത്ത് വിജയക്കൊടി പാറിക്കാന്‍ കുഞ്ഞമ്പുവിലൂടെ സി.പി.ഐ.എമ്മിനായിരുന്നു. 2006 ലേതിന് സമാനമായ സാഹചര്യമാണ് മണ്ഡലത്തില്‍ നിലനില്‍ക്കുന്നതെന്നാണ് ഇടതുപക്ഷത്തിന്റെ അവകാശവാദം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് പരാജയപ്പെട്ട ബി.ജെ.പി കര്‍ണാടകയില്‍ നിന്ന് വ്യാജ വോട്ടര്‍മാരെ തിരുകികയറ്റാന്‍ ശ്രമിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
2018 ഒക്ടോബര്‍ 21 നായിരുന്നു എം.എല്‍.എ ആയിരുന്ന പി.ബി അബ്ദുറസാഖ് മരണപ്പെട്ടത്. പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസ് കോടതിയില്‍ നിലനില്‍ക്കെയായിരുന്നു റസാഖിന്റെ മരണം. തെരഞ്ഞെടുപ്പില്‍, മരിച്ചവരുടേയും വിദേശത്തുള്ളവരുടേയും കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സമന്‍സ് അയച്ചിട്ടും പലരും ഹാജരാകാത്ത സാഹചര്യത്തില്‍ കേസ് നീണ്ടു പോവുകയായിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചത്. ഇതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഒരു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ 6 മാസത്തിനുള്ളില്‍ നടത്തണമെന്നാണു ചട്ടം. സ്പീക്കര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു കൈമാറണം. അവരതു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയശേഷം അവിടെ നിന്നാണു തീരുമാനം വരേണ്ടത്. 2019 ഏപ്രില്‍ അവസാനിക്കുന്നതിനു മുന്‍പ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു.
കെ.സുരേന്ദ്രന്റെ കേസ് കാരണമാണ് ഉപതെരഞ്ഞെടുപ്പ് നീണ്ടുപോയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,58,584 വോട്ടര്‍മാരായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായത് (പോളിങ് 76.19%). മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ പി.ബി.അബ്ദുല്‍ റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ 56,781 വോട്ടു നേടി.
സി.പി.ഐ.എം സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പുവിന് 42,565 വോട്ട് ലഭിച്ചു. അതിനു മുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ റസാഖ് 5828 വോട്ടിനാണ് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
2006-ലെ തെരഞ്ഞെടുപ്പില്‍ സി.എച്ച്.കുഞ്ഞമ്പുവിലൂടെ മണ്ഡലം സി.പി.ഐ.എം തിരിച്ചുപിടിച്ചിരുന്നു. ലീഗ് സ്ഥാനാര്‍ഥി ചെര്‍ക്കളം അബ്ദുള്ള മൂന്നാം സ്ഥാനത്തേക്കു പോയ തെരഞ്ഞെടുപ്പില്‍ 4829 വോട്ടിനായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നാരായണ ഭട്ടിനെ കുഞ്ഞമ്പു പരാജയപ്പെടുത്തിയത്.
എന്നാല്‍ 2001-ല്‍ ചെര്‍ക്കളം അബ്ദുള്ള 13,188 വോട്ടിന് വിജയം നേടി. അന്ന് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സി.പി.ഐഎമ്മിന്റെ എം.രമണ റായി മൂന്നാം സ്ഥാനത്തേക്കും പോയി.
1987, 1991, 1996 വര്‍ഷങ്ങളില്‍ ചെര്‍ക്കളത്തിലൂടെ മുസ്ലിം ലീഗ് മണ്ഡലം പിടിച്ചെടുത്തു. അതിനു മുന്‍പ് 1982ല്‍ സി.പി.ഐയുടെ സുബ്ബറാവു 153 വോട്ടിനു മണ്ഡലത്തില്‍ വിജയിച്ചതാണ് എല്‍.ഡി.എഫിന്റെ നേട്ടം.
1987 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയാണു മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2011നു ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ.എം മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.