ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ വികാരം മാനിക്കാതെ പുറമേ നിന്നുള്ള സ്ഥാനാർത്ഥിയെ എഴുന്നള്ളിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിക്കെതിരെ മണ്ഡലത്തിലുടനീളമുള്ള പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു.
ഒരു നേതാവിനോടും എതിർപ്പുകളില്ലെന്നും എല്ലാവരോടും അങ്ങേയറ്റം ബഹുമാനമാണെന്നും പ്രവർത്തകർ പറയുന്നു. മഞ്ചേശ്വരത്തിന്റെ സാഹചര്യം മനസിലാക്കിയുള്ള സ്ഥാനാർത്ഥിയാണ് ഇവിടെ ആവശ്യമുള്ളത്. മണ്ഡലത്തെയും മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ സാഹചര്യവും അറിയാവുന്ന മണ്ഡലത്തിൽപ്പെട്ടയാൾ വേണമെന്നും ഭാഷാ ന്യൂനപക്ഷങ്ങളായ വോട്ടർമാർ കൂടുതലുള്ള ഇവിടെ അവരെ കൂടി വിശ്വാസത്തിലടുത്തു വേണം സ്ഥാനാർത്ഥിയെ നിർത്താൻ . പ്രവർത്തകരുടെ അഭിപ്രായപ്രകടനങ്ങൾ ഇതല്ലാമാണ്.
2006-ലെ തെരഞ്ഞെടുപ്പിൽ പ്രവർത്തകരുടെ അഭിപ്രായത്തെ തെല്ലും മുഖവിലക്കെടുക്കാതെ സംസ്ഥാന കമ്മിറ്റി കൈ കൊണ്ട തീരുമാനത്തെ തുടർന്ന് പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയാമല്ലോ? അന്ന് വിജയം എൽ.ഡി.എഫിനാണെങ്കിൽ ഇപ്പോൾ ജയിക്കാൻ പോകുന്നത് ബി.ജെ.പിയാണെന്ന വ്യത്യാസം മാത്രം. ബി.ജെ.പി വിജയിച്ചാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് സംസ്ഥാന നേതൃത്വമല്ലെന്നും മഞ്ചേശ്വരത്തെ ന്യൂനപക്ഷങ്ങളും മുസ്ലിം ലീഗ് പ്രവർത്തകരാണെന്നും ലീഗ് അണികൾ പറയുന്നു.
എങ്ങനെയെങ്കിലും ജയിച്ചു കയറാനുള്ള കുതന്ത്രങ്ങൾ വർഷങ്ങളായി ബി.ജെ.പി ആവിഷ്ക്കരിച്ചുവരുന്നതിനിടയിൽ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ വെറും 89 വോട്ടിന്റെ വ്യത്യാസത്തിൽ മാത്രമാണ് ബി.ജെ.പി പരാജയം രുചിക്കേണ്ടി വന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പ് ഫലത്തെ കുറിച്ച് നേതൃത്വം ഗൗരവമായി ആലോചിക്കണമെന്നും പ്രവർത്തകർ പറയുന്നു.