പാറ്റ്ന: (www.mediavisionnews.in) രാജ്യത്ത് ഉള്ളി വില കുതിച്ച് കയറുമ്പോള്‍ പാറ്റ്നയില്‍ രാജ്യത്തെ ആകെ ഞെട്ടിപ്പിക്കുന്ന കവര്‍ച്ച. ബീഹാറിലെ വെയര്‍ഹൗസില്‍ നിന്ന് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ഉള്ളിയാണ് മോഷണം പോയത്. പാറ്റ്നയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ഫത്തുവയിലെ സോനാരു കോളനിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
വെയര്‍ ഹൗസ് കുത്തിത്തുറന്നാണ് ഉള്ളിയും ബോക്സിലുണ്ടായിരുന്ന 1.83 ലക്ഷം രൂപയും കവര്‍ന്നത്. കൊല്‍ഹാര്‍ വില്ലേജിലെ ധീരജ് കുമാര്‍ എന്ന വ്യക്തിയുടെയാണ് മോഷണം നടന്ന വെയര്‍ ഹൗസ്. ഫത്തുവ പൊലീസ് സ്റ്റേഷനില്‍ ധീരജ് കുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ വെയര്‍ ഹൗസിലെത്തിയപ്പോഴാണ് മോഷണ വിവരം ധീരജ് കുമാര്‍ അറിഞ്ഞത്.
വെയര്‍ ഹൗസിന്‍റെ പൂട്ടുകള്‍ പൊട്ടിച്ച നിലയിലായിരുന്നു. 328 ചാക്ക് ഉള്ളിയും നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വെയര്‍ ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസില്‍ തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനീഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് ഉള്ളി വില ക്രമാതീതമായി വര്‍ധിച്ചിരുന്നു. ബീഹാറില്‍ കിലോയ്ക്ക് 60 മുതല്‍ 70 വരെയാണ് വില. ഇതായിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെ കാരണമെന്നാണ് നിഗമനം. അതേസമയം, രാജ്യത്ത് ഉള്ളി ക്ഷാമമില്ലെന്ന് മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.