ന്യൂഡല്‍ഹി: (www.mediavisionnews.in) ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യ തലസ്ഥാന നഗരിയില്‍ 25ന് നടക്കുന്ന പ്രതിക്ഷേധ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജന്ദര്‍ മന്ദറില്‍ രാവിലെ 11 മണിക്കാണ് പ്രതിക്ഷേധ സംഗമം ആരംഭിക്കുക. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഉന്നാവോ, കാണ്‍പൂര്‍, രാം ഗഡ്, ഫൈസാബാദ്, മുറാബാദ്, സംബല്‍, മീററ്റ് , ഗാസിയാബാദ് ജില്ലാ ഘടകങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, വൈസ് പ്രസിഡണ്ടുമാരായ അഡ്വ: വി കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, ഡല്‍ഹി സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് മൗലാന നിസാര്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷെയ്ഖ്, എം എസ് എഫ് ദേശീയ സെക്രട്ടറി അതീബ് ഖാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നാള്‍ക്കു നാള്‍ വര്‍ദ്ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ , കശ്മീര്‍, മുത്തലാഖ്, യു എ പി എ നിയമ ഭേദഗദികള്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ആശങ്കകള്‍, ആസാം പൗരത്വ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളുയര്‍ത്തി കൊണ്ടാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഡല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ഭീകരതയുടെ ഇരയായി കൊല്ലപ്പെട്ട തബ് റേസ് അന്‍സാരിയുടെ ഭാര്യ ഷഹിസ്ത പര്‍വീണ്‍, തടവറയില്‍ കഴിയുന്ന ഗുജറാത്ത് ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ പത്‌നി ശ്വേത ഭട്ട്, ഖാദി നാഖിബ് അഹമ്മദ് (ആസാം ) കത്വ കേസിലെ അഭിഭാഷകന്‍ അഡ്വ: മുബീന്‍ ഫാറൂഖി തുടങ്ങിയവരും നിയമ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രതിക്ഷേധ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടി ഇ ടി മുഹമ്മദ് ബഷീര്‍ എം പി സ്വാഗതം പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.