ചണ്ഡിഗഡ്: (www.mediavisionnews.in) രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. പഞ്ചാബിലെ അമൃത്സറിലേക്ക് ഉള്ളി വരുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നാണ്. പാകിസ്ഥാൻ വഴിയാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് അമൃത്സറിലേക്ക് ഉള്ളി എത്തുന്നത്. രാജ്യത്ത് വരാൻ പോകുന്ന ഉള്ളിക്ഷാമത്തെ നേരിടുന്നതിന്‍റെ ഭാഗമായാണ് ഉള്ളി പുറത്തുനിന്ന് എത്തിക്കുന്നത്. രാജ്യത്ത് നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കിൽ ഉള്ളിക്ക് കടുത്ത ക്ഷാമം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഉള്ളിയുമായി എത്തിയ ഒരു ട്രക്ക് പാട്നയിൽ നിന്ന് മോഷണം പോയെന്നുള്ള വാർത്ത വരാനിരിക്കുന്ന ഉള്ളിക്ഷാമത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നതാണ്.
പഞ്ചാബിൽ സീസണൽ ആയ ആപ്പിളും ഉള്ളിയും ഇപ്പോൾ കിലോയ്ക്ക് 60 രൂപയ്ക്കാണ് വിൽക്കുന്നത്. ആപ്പിൾ വ്യാപാരത്തിന്‍റെ കേന്ദ്രമായ ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിൽ, ആപ്പിളിന് ഒരു കിലോഗ്രാമിന് 30 രൂപയാണ് വില. എന്നാൽ, ഇവിടെ ഉള്ളി കിലോയ്ക്ക് 60 രൂപയ്ക്കാണ് വിൽക്കുന്നത്. ധർമ്മശാലയിൽ ഒരു കിലോ ഉള്ളി 60 രൂപയ്ക്ക് വിൽക്കുമ്പോൾ ഉയർന്നയിനം ആപ്പിളിന് കിലോയ്ക്ക് 90 രൂപ വിലയുണ്ട്.
ചണ്ഡിഗഡിലെ സെക്ടർ 26ലെ പച്ചക്കറി, പഴം മാർക്കറ്റിൽ ഉള്ളിയുടെ മൊത്ത വ്യാപാരവില കിലോയ്ക്ക് 40 – 41 രൂപയാണ്. അതേസമയം, ചില്ലറ വ്യാപാരമേഖലയിൽ ഒരു കിലോ ഉള്ളിക്ക് 60-70 രൂപയാണ് വില.
മധ്യപ്രദേശിലും ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലും പെയ്ത കനത്ത മഴയാണ് ഉള്ളി കുറവായതിന്‍റെ കാരണമെന്ന് മാർക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൻവർപാൽ സിംഗ് ദുവ പറഞ്ഞു. മഴയെത്തുടർന്ന് മധ്യപ്രദേശിൽ നിന്നുള്ള സ്റ്റോക്ക് എത്തിയിട്ടില്ല. കനത്ത മഴയെത്തുടർന്ന് തെക്കൻ സംസ്ഥാനങ്ങളിൽ ഉള്ളിയുടെ പുതിയ വിള നശിച്ചു. ഉയർന്ന ഗ്രേഡിംഗ് ഉള്ളി ലഭിക്കുന്ന നാസിക് മേഖലയിൽ വിത്ത് വിതയ്ക്കുന്നത് മഴയെത്തുടർന്ന് രണ്ടാഴ്ച വൈകിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് ഉള്ളി ഇന്ത്യയിൽ നിന്നുള്ള ഉള്ളിയേക്കാൾ ഗുണനിലവാരത്തിൽ പിറകിലാണെന്നും ദുവ പറഞ്ഞു. ഇന്ത്യയിൽ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നെത്തുന്ന ഉള്ളികൾ ഉയർന്ന ഗുണനിലവാരം പുലർത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഉള്ളിയുടെ മൊത്ത വ്യാപാരവില 50 രൂപയായിരുന്നത് ഇപ്പോൾ 40-41 രൂപയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.