കാസര്‍കോട്: (www.mediavisionnews.in) ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. തലപ്പാടി മുതൽ കാസർഗോഡ് വരേയും നീലേശ്വരം മുതൽ കാലിക്കടവ് വരേയുമുള്ള ദേശീയ പാതയുടെ അവസ്ഥ ഇനിയും സഹിക്കാനാകില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ദേശീയ പാത അതോറിറ്റിയുടെ കെെയില്‍ ആവശ്യത്തിന് പണം ഉണ്ട്. ഒരു പാര്‍ലമെന്‍റ് അംഗം ആവശ്യപ്പെട്ടിട്ട് പോലും പറ്റിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരു മനുഷ്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ പായുന്ന ആംബുലന്‍സുകള്‍ക്ക് ഒച്ചിന്‍റെ വേഗതയോടെ മാത്രമാണ് ഈ റോഡുകളില്‍ യാത്ര ചെയ്യാന്‍ ആകുന്നത്.
റോഡിന്‍റെ പ്രശ്നം മൂലം ആശുപത്രിയിലെത്തിക്കാനാകാതെ യഥാസമയം ചികിത്സ ലഭിക്കാതെ മരിക്കുന്നവരുണ്ട്. ഇനി ഒരാള്‍ ആ റോഡില്‍ മരിച്ച് വീഴുന്നതിനേക്കാള്‍ അവരുടെ ജനപ്രതിനിധിയായ താന്‍ നിരാഹാരം കിടന്ന മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 20 ന് രാവിലെ 9 മണിമുതൽ 24 മണിക്കൂർ നേരമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സൂചനാ സമരം.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും എംപി വ്യക്തമാക്കി. നിരാഹാര സമരം പി കെ കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്യും. സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.