ന്യൂദല്‍ഹി (www.mediavisionnews.in) :ബാങ്കിംഗ് മേഖലയിലെ പുതിയ തീരുമാനങ്ങളും പുതിയ കാറുകളില്‍ എയര്‍ ബാഗുകള്‍, എബിഎസ് എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശവും ഇരുചക്ര വാഹന യാത്രികരെ കാറുകള്‍ വാങ്ങുന്നതില്‍ നിന്നും പിന്നോട്ടടിപ്പിച്ചതായി മാരുതി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ.
എന്‍ട്രി ലെവല്‍ ഫോര്‍ വീലറുകള്‍ വാങ്ങാനും കൊണ്ടുനടക്കാനും സാധാരണക്കാര്‍ക്ക് കഴിയില്ലെന്നും അവര്‍ക്ക് താങ്ങാവുന്നതിനേക്കാള്‍ അപ്പുറമുള്ള അധികചിലവുകള്‍ ഇപ്പോള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
വാഹന വില്‍പ്പന ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിനില്‍ക്കുന്ന ഈ അവസ്ഥയില്‍ തന്നെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉയര്‍ന്ന നികുതിയും റോഡ്, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ എന്നിവ പുതുക്കിയതും കാര്‍ വാങ്ങുന്നവരുടെ ഭാരം ഇരട്ടിപ്പിച്ചെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
ജി.എസ്.ടിയില്‍ നടത്തിയ താല്‍ക്കാലിക വെട്ടിക്കുറച്ചില്‍ വലിയ വ്യത്യാസമുണ്ടാക്കില്ലെന്നും ഇത് ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടിയില്‍ വരുത്തിയ ചെറിയ ഇളവുകളെക്കൊണ്ട് പ്രയോജനമില്ല. അതുകൊണ്ട് തന്നെ അത് ഗുണകരമായ ഒരു കാര്യമായി പരിഗണിക്കാന്‍ കഴിയില്ല. വാഹനങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്നും ഭാര്‍ഗവ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
”ഇരുചക്ര വാഹനം ഓടിക്കുന്നയാള്‍ ഒരു കാര്‍ വാങ്ങണമെന്ന് ആഗ്രഹിക്കുകയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവരുടെ സാമ്പത്തിക ശേഷി കണക്കിലെടുത്ത് അത് ചെയ്യാന്‍ കഴിയില്ല’- സാധാരണക്കാരുടെ വാഹനമെന്ന് അറിയപ്പെടുന്ന മാരുതിയുടെ തന്നെ ചെറിയ മോഡലായ ആള്‍ട്ടോയുടെ വില്‍പ്പന 50% ഇടിവ് നേരിട്ട കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനമേഖലയിലെ ഇപ്പോഴത്തെ മാന്ദ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് രണ്ട് ദശകത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന വില്‍പ്പനയാണ് ഇപ്പോള്‍ വാഹനമേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് ഒല, ഉബര്‍ തുടങ്ങിയ മൊബിലിറ്റി വാഹനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും ഒരു പരിധി വരെ കാരണമാണെന്നും ഘടനാപരമായ ഇത്തരം മാറ്റങ്ങള്‍ വാഹന മേഖലയെ ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇതിന് പുറമെ കര്‍ശനമായ സുരക്ഷയും എമിഷന്‍ മാനദണ്ഡങ്ങളും, ഇന്‍ഷുറന്‍സ് ചെലവുകളും, ഒന്‍പതോളം സംസ്ഥാനങ്ങളിലെ അധിക റോഡ് നികുതിയും വിപണി തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
ചില സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന റോഡ് ടാക്‌സ് ആയ 20,000 രൂപ ഉള്‍പ്പെടെ എന്‍ട്രി കാറിന്റെ വിലയില്‍ 55,000 രൂപയുടെ വര്‍ധവാണ് ഉണ്ടായത്.
ഏറ്റവും വലിയ പ്രശ്‌നം ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള വിമുഖതയാണ്, വായ്പയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ചെറിയ റിസ്‌ക് എടുക്കാന്‍ പോലും തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അധിക സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പാലിക്കണമെന്നത് പ്രായോഗികമായി യുക്തിയില്ലെന്നും ഭാര്‍ഗവ പറഞ്ഞു.
ഇന്ത്യന്‍ കാര്‍ വാങ്ങുന്നയാള്‍ യൂറോപ്യന്‍ അല്ലെങ്കില്‍ ജാപ്പനീസ് കാര്‍ വാങ്ങുന്നയാളെപ്പോലെയല്ല. ഇവിടെ ആളോഹരി വരുമാനം 2,200 ഡോളറും ചൈനയ്ക്ക് 10,000 ഡോളറും യൂറോപ്പിന് 40,000 ഡോളറുമാണ്.
ആ ആളുകളുമായി നിങ്ങള്‍ എങ്ങനെ ഇതിനെ താരതമ്യം ചെയ്യും? എന്നാല്‍ നിയന്ത്രണങ്ങളുടെ കാര്യം വരുമ്പോള്‍, ഇന്ത്യയിലെ എല്ലാവരും പറയുന്നത് ഞങ്ങള്‍ക്ക് മികച്ച നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കണം എന്നാണ്. ഇന്ത്യന്‍ വരുമാനത്തിന്റെ നിലവാരം കണക്കിലെടുത്ത് ഒരു ഉല്‍പ്പന്നത്തിന് താങ്ങാനാവുന്ന വില നിങ്ങള്‍ നോക്കണം, മറ്റാരുടെയെങ്കിലും വരുമാന നിലവാരമല്ല നമ്മള്‍ പരിഗണിക്കേണ്ടത്- ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
വാഹനങ്ങള്‍ക്ക് വില കൂടുന്നതിനനുസരിച്ച്, ഇരുചക്ര വാഹന യാത്രികര്‍ക്ക് നാല് ചക്രങ്ങളിലേക്ക് അപ്ഗ്രേഡുചെയ്യാന്‍ കഴിയാതെ വരും. ഇത് അവനെ റോഡുകളില്‍ കൂടുതല്‍ അപകടങ്ങളഇലേക്ക് നയിക്കും
എയര്‍ബാഗും എ.ബി.എസും ഇല്ലാത്ത ഒരു ചെറിയ കാര്‍ ആണോ അല്ലെങ്കില്‍ ഒരു സ്‌കൂട്ടറാണോ റോഡുകളില്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത കൂടുതല്‍? തീര്‍ച്ചയായും സ്‌കൂട്ടര്‍ ആണെന്നാണ് എന്റെ അഭിപ്രായം- അദ്ദേഹം പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.