കുമ്പള: (www.mediavisionnews.in) നിർമാണം പുരോഗമിക്കുന്ന മഞ്ചേശ്വരം തുറമുഖത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനുമുൻപ് ഉദ്ഘാടനംനടത്താനുള്ള അധികൃതരുടെ നീക്കം പിൻവലിക്കണമെന്ന് തുറമുഖത്തൊഴിലാളി യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാതിവഴിയിൽ ഉദ്ഘാടനംചെയ്യാനുള്ള സർക്കാരിന്റെ ശ്രമം പ്രവൃത്തികൾക്ക് അനുവദിച്ച കോടിക്കണക്കിനുരൂപ ദുർവിനിയോഗംചെയ്യപ്പെടാനിടയാക്കും. തുറമുഖത്തിനായി 500 ഏക്കറോളം ഭൂമി ഏറ്റെടുത്തിട്ടുണ്ട്. തുറമുഖത്തിന്റെ വടക്കുവശത്താണ് കൂടുതൽ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും താമസിച്ചുവരുന്നത്. ഈ പ്രദേശത്തെ മത്സ്യക്കച്ചവടം നടത്തുന്നതിനും വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും കുറ്റമുറ്റരീതിയിൽ പ്രവേശനകവാടം സ്ഥാപിക്കണം. ഹൊസബെട്ടു കടപ്പുറത്തുനിന്ന് മുസോടി അഡിഗയിലേക്ക് എത്തിച്ചേരുന്നതിന് റോഡ് നിർമിച്ചിട്ടില്ല.
തുറമുഖത്തിന്റെ വടക്കുവശത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് കിഴക്കുവശത്ത് എത്തിച്ചേരുന്നതിനായി പാലവും നിർമിച്ചിട്ടില്ല. 10 കീലോമീറ്ററോളം ദേശീയപാതയിലൂടെ സഞ്ചരിച്ചുമാത്രമെ തൊട്ടടുത്തുള്ള മുസോടി അഡിഗയിലേക്ക് എത്താൻപറ്റൂ. വടക്കുഭാഗത്തെ പ്രധാന കവാടത്തിനടുത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണൽ ഡ്രഞ്ചുചെയ്ത് മാറ്റാൻ നടപടിയുണ്ടായിട്ടില്ല. കുടിവെള്ളത്തിനും , പണിപ്പുരയ്ക്കുമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ നിർത്തിയിടാൻ സൗകര്യമായിട്ടില്ല. ഇത്രയും ജോലികൾ ബാക്കിനിൽക്കെയാണ് ധൃതിപ്പിടിച്ച് ഉദ്ഘാടനപരിപാടികൾ നടത്താനെരുങ്ങുന്നത്.
ജോലികൾ പൂർണമായി പൂർത്തീകരിക്കുന്നതുവരെ ഉദ്ഘാടനംചെയ്യുന്നതിൽനിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറണമെന്ന് ഇവർ ആശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ബഷീർ ആലടി, അബ്ബാസ് മഞ്ചേശ്വരം, ഹസൈനാർ ആരിക്കാടി, ബഷീർ കോയിപ്പാടി കോളനി, മുഹമ്മദ്കുഞ്ഞി എന്നിവർ സംബന്ധിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.