രാജ്യത്തെ ‘വിദേശി’പൗരന്മാര്‍ക്കു പടുകൂറ്റന്‍ തടവറകളൊരുക്കി അസം

0
190

ദിസ്പുര്‍: (www.mediavisionnews.in) സ്വന്തം പൗരന്മാരെ വിദേശികളാക്കി തടങ്കലിലാക്കാന്‍ തടവറകളൊരുക്കി സംസ്ഥാനം. പത്തു തടവറകള്‍ കൂടി പുതുതായി പണിയാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍.

ട്രൈബ്യൂണല്‍ വിദേശിയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കോക്രജാര്‍, സില്‍ച്ചാര്‍, ദിബ്രുഗഢ്, തേസ്പൂര്‍, ഗോള്‍പാറ, ജോര്‍ഹട്ട എന്നിവിടങ്ങളിലായി ഒരുങ്ങുന്ന ആറു തടവറകളിലേയ്ക്കാണ് ആളുകളെ മാറ്റുകയെന്ന് മാധ്യമത്തില്‍ ഹസനൂല്‍ ബന്ന എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകളെ അവര്‍ക്കുമാത്രമായുള്ള തടവറയിലേക്കുമാറ്റും. താല്‍ക്കാലിക കേന്ദ്രങ്ങളില്‍ നിലവില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളവരെയും പുതിയ കേന്ദ്രങ്ങളിലേയ്ക്കുമാറ്റും.

ദൊമിനിയിലൊരുങ്ങുന്ന കൂറ്റന്‍ തടവറയുടെ പണി തിരക്കിട്ട് നടക്കുകയാണ്.
ഏകാന്ത തടവുകാര്‍ക്കുള്ള ഒറ്റമുറി സെല്ലുകളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രവും കുടിവെള്ള പദ്ധതിയും അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്.

തടവറയിലാവുന്ന കുട്ടികള്‍ക്ക് അതിനുള്ളില്‍ തന്നെ പഠനകേന്ദ്രങ്ങളൊരുക്കും. എന്നാല്‍ അവസാനഘട്ടപൗരത്വ പട്ടികയിലില്ലാത്ത 1.17 ലക്ഷം പേര്‍ക്ക് നിലവില്‍ പണിയുന്ന തടവറ മതിയാകില്ല. അതുകൊണ്ട് പത്തു തടവറകള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതിയിലാണ് അസം സര്‍ക്കാര്‍.

നിലവില്‍ 30 പേരെ ഉള്‍ക്കൊള്ളുന്ന തടവറകളില്‍ 300 പേരെ വരെ പാര്‍പ്പിച്ചിട്ടുണ്ട്. അതായത് 3000 പേര്‍ക്കു പണിയുന്ന തടവറയില്‍ 30,000 പേരെ വരെ നിര്‍ത്താന്‍ സാധിക്കുമെന്ന് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു

ട്രൈബ്യൂണല്‍ വിദേശികളായി പ്രഖ്യാപിച്ചാല്‍ ചുരുങ്ങിയത് മൂന്നു വര്‍ഷം വരെ ഇതിനകത്ത് കിടന്നാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളു. അതും കര്‍ശന ഉപാധികളോടെ മാത്രമേ ലഭിക്കുകയുള്ളു. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കാത്തവര്‍ക്ക് ജാമ്യം ലഭിക്കുകയുമില്ല.

പുറത്തിറങ്ങുന്നവര്‍ ആഴ്ചതോറും പൊലീസ് സ്റ്റേഷനില്‍ വന്നു ഒപ്പുവയ്ക്കണം. മൂന്നു മാസത്തിലൊരിക്കല്‍ ജാമ്യത്തിലിറങ്ങിയ ആളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ല പൊലീസിനു സമര്‍പ്പിക്കണം. ജാമ്യമെടുക്കാന്‍ കഴിയാത്തവര്‍ മരണം വരെ ഈ തടവറയില്‍ കഴിയേണ്ടിയും വരും. ട്രൈബ്യൂണലുകള്‍ ബംഗ്ലാദേശികളാണെന്നു പറഞ്ഞതുകൊണ്ടുമാത്രം ഇവരെ സ്വീകരിക്കാന്‍ ആ രാജ്യവും തയ്യാറാകില്ല.

എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടവറകള്‍ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറ്റു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ ഈ രീതിയില്‍ തടവറ ഒരുക്കി കഴിഞ്ഞിട്ടുണ്ട്.

ദേശീയ പൗരത്വ പട്ടികയില്‍ ഇല്ലാത്തവരെ ഏതു രാജ്യക്കാരാണെന്നു കണ്ടെത്താന്‍ ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണര്‍ ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഏതു രാജ്യക്കാരാണെന്നു കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടാണ് ട്രൈബ്യൂണല്‍ വിദേശികളാക്കിയവരെ പാര്‍പ്പിക്കാന്‍ ഈ തരത്തില്‍ തടവറകളൊരുക്കുന്നത് എന്നും മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here