കാസര്‍കോട്: (www.mediavisionnews.in) വിവാദമായ സഫിയ വധക്കേസിലെ ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുനയ്ക്ക് ആറ് വര്‍ഷം തടവും, നാലാം പ്രതിയും ഹംസയുടെ ബന്ധുവുമായ കുമ്പള ആരിക്കാടി കുന്നില്‍ എം. അബ്ദുല്ലക്ക് മൂന്നു വര്‍ഷം തടവും കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഇത് ജസ്റ്റീസുമാരായ എ.എം ഷെഫീഖ്, എൻ അനിൽ കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് റദ്ദാക്കി.
13 കാരിയായ സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് ഹൈക്കോടതി വിധി. ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ പൂര്‍ണമായും ശാസ്ത്രീയ-സാഹചര്യത്തെളിവുകളിലൂടെയാണ് കേസ് തെളിയിച്ചത്. ഇത്തരത്തില്‍ തെളിയിക്കപ്പെട്ട് കോടതിയില്‍ വിധി പറയുന്ന കേരളത്തിലെ രണ്ടാമത്തെ കേസായിരുന്നു സഫിയ കേസ്.
ഗോവയിലെ കരാറുകാരനായ മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്ന സഫിയയെ 2006 ഡിസംബറിലാണ് കാണാതാകുന്നത്. ഒന്നരവര്‍ഷത്തിനു ശേഷം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് അന്വേഷണം മാറ്റിയതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിയുന്നത്.
2008 ജൂലൈ ഒന്നിനാണ് കേസിലെ ഒന്നാം പ്രതി ഹംസയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2008 ജൂലൈ ആറിന് ഗോവയില്‍ നിന്ന് സഫിയയുടെ അസ്ഥികൂടം കുഴിച്ചെടുത്തു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.