കൊച്ചി (www.mediavisionnews.in) : പുതിയ സീസണിൽ കേരള ടീമിനെ റോബിൻ ഉത്തപ്പ നയിക്കും. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയാണ് ഈ വർഷം സൗരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്തിയ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയെ കേരളാ ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്.
കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ സീസണുകളിൽ സച്ചിൻ ബേബിയായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഈ സീസണിൽ സച്ചിൻ ടീമിന്റെ ഉപനായകനായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
അടുത്ത മാസം ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റാകും കേരളാ ക്യാപ്റ്റൻസിയിൽ ഉത്തപ്പയുടെ ആദ്യ പരീക്ഷണം. ഇതിനു പുറമേ സയ്യിദ് മുഷ്താഖ് അലി ടി-20 ടൂർണമെന്റിലും ഉത്തപ്പ തന്നെ ടീമിനെ നയിക്കും.
അതേ സമയം രഞ്ജി ട്രോഫിയിൽ കേരളാ ടീമിനെ ആരു നയിക്കുമെന്ന കാര്യം കെസിഎ പുറത്തു വിയ്ട്ടിട്ടില്ല. വിജയ് ഹസാരെയിലേയും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലേയും ഉത്തപ്പയുടെ ക്യാപ്റ്റൻസി എങ്ങനെയെന്ന് നോക്കിയതിന് ശേഷം കേരളാ ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെണ് സൂചന.
അതേ സമയം മുൻ രഞ്ജി സീസണുകളിൽ സച്ചിൻ ബേബിക്ക് കീഴിൽ തകർപ്പൻ പ്രകടനമായിരുന്നു കേരളം കാഴ്ച വെച്ചത്. എന്നാൽ നിശ്ചിത ഓവർ മത്സരങ്ങളിൽ പ്രതീക്ഷിച്ച മികവിലേക്കുയരാൻ ടീമിന് കഴിഞ്ഞിരുന്നില്ല. ഉത്തപ്പയുടെ പരിചയസമ്പത്ത് ഇത്തവണ നിശ്ചിത ഓവർ മത്സരങ്ങളിലും ടീമിനെ ശക്തരാക്കുമെന്നാണ് കെ സി എ കരുതുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.