ഫോണിൽ നിന്ന് കാൻസർ സാധ്യത; ആപ്പിളിനും സാംസങ്ങിനുമെതിരെ നിയമ നടപടി

0
535

കാലിഫോർണിയ (www.mediavisionnews.in): പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ അമേരിക്കയിൽ നിയമനടപടി. നിയമപ്രകാരം അനുവദിക്കപ്പെട്ട പരമാവധി റേഡിയോ ഫ്രീക്വൻസിയേക്കാൾ (ആർ.എഫ്) 500 ശതമാനം വരെ കൂടുതൽ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് കാൻസർ, ജനിതക വൈകല്യങ്ങൾ, ഓർമനാശം എന്നിവയടക്കമുള്ള മാരകമായ കുഴപ്പങ്ങൾക്ക് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി കാലിഫോർണിയ സാൻഹോസെ ഡിവിഷനിലെ ഡിസ്ട്രിക്ട് കോർട്ടിലാണ് 15 ആളുകൾ പരാതി നൽകിയിരിക്കുന്നത്.

സ്മാർട്ട്‌ഫോൺ പോക്കറ്റുകളിലും ശരീരത്തിനടുത്തും സൂക്ഷിക്കുന്നതിൽ കുഴപ്പമില്ലെന്നാണ് കമ്പനികൾ പറയുന്നതെങ്കിലും ഇവ അപകടകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി പരാതിക്കാർ പറയുന്നു.

സ്‌പെസിഫിക് അബ്‌സോർപ്ഷൻ റേറ്റ് (എസ്.എ.ആർ) മാനദണ്ഡം ഉപയോഗിച്ചാണ് സ്മാർട്ട്‌ഫോണുകളിലെ റേഡിയോ ഫ്രീക്വൻസി അളക്കുന്നതും നിയന്ത്രണം ഏർപ്പെടുത്തുന്നതും. അമേരിക്കൻ നിയമപ്രകാരം 1.6 w/kg യിൽ കൂടുതൽ റേഡിയോ ഫ്രീക്വൻസി ഫോണുകളിൽ ഉണ്ടാകാൻ പാടില്ല. എന്നാൽ, ഇതിനേക്കാൾ എത്രയോ മടങ്ങ് ആർ.എഫ് ഐഫോൺ 8, ഐഫോൺ എക്‌സ്, ഗാലക്‌സി എസ് 8, ഗാലക്‌സി നോട്ട് 8 തുടങ്ങിയ ഫോണുകളിൽ ഉണ്ടെന്ന് പഠനങ്ങളിൽ വ്യക്തമായതായും ഇത് അപകടകരമാണെന്നും പരാതിക്കാർ പറയുന്നു. 1.6 പരിധിയേക്കാൾ 2000 മടങ്ങ് കുറവ് റേഡിയേഷൻ പോലും എലികളിലെ ഡി.എൻ.എയെ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് – അവർ ചൂണ്ടിക്കാട്ടുന്നു.

കോൾ അറ്റൻഡ് ചെയ്യുമ്പോൾ സ്മാർട്ട്‌ഫോൺ ചെവിയോട് ചേർക്കാമെന്നും പാന്റ്‌സിന്റെയും ഷർട്ടിന്റെയും പോക്കറ്റുകളിൽ വെക്കാമെന്നുമാണ് ആപ്പിളും സാംസങ്ങും പരസ്യങ്ങളിൽ വ്യക്തമാക്കുന്നത്. ഇത് തീർത്തും തെറ്റിദ്ധാരണാജനകമാണ്. അത്യന്തം അപകടകരമായ ഈ ഉപകരണങ്ങൾ ശരീരത്തോട് ചേർക്കുന്നത് മാരകമായ കുഴപ്പങ്ങൾക്ക് കാരണമാകാമെന്നും തെറ്റിദ്ധാരണ പരത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here