ന്യൂഡല്‍ഹി: (www.mediavisionnews.in) സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതിയുടെ പരിഗണനയില്‍. ഹരജി പരിശോധിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. സൈബര്‍ കുറ്റങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ തിരിച്ചറിയല്‍ നിര്‍ബന്ധമാണെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.
വ്യാജ വാര്‍ത്ത, അപമാനകരമായ കുറിപ്പുകള്‍, അശ്ലീല കണ്ടന്റുകള്‍, ദേശവിരുദ്ധ, തീവ്രവാദ ഉള്ളടക്കങ്ങള്‍ എന്നിവ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും പറഞ്ഞു. ഉപഭോക്താക്കളുടെ സ്വകാര്യതാ നയത്തിന് വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയകള്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാവുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
വാട്‌സ്ആപ്പിലെ സന്ദേശങ്ങള്‍ തങ്ങള്‍ക്ക് പോലും കാണാനാവില്ലെന്നും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയതിനാല്‍ തേഡ് പാര്‍ട്ടിയുമായി പങ്കുവയ്ക്കാനാവില്ലെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വാട്‌സ്ആപ്പിന് ട്രേസ് ചെയ്യാനാവുമെന്ന് ഐ.ഐ.ടി പ്രൊഫസറെ ഉദ്ധരിച്ച് കെ.കെ വേണുഗോപാല്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.