ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ: റദ്ദു ചെയ്താല്‍ കശ്മിരില്‍ എന്തു സംഭവിക്കും ?

0
205

ന്യൂഡല്‍ഹി (www.mediavisionnews.in):ജമ്മു കശ്മീരിനെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് മേഖലകളായിട്ടാണ് വിഭജിക്കുന്നത്. പൂര്‍ണ സംസ്ഥാന പദവിയില്ലാതെ ജമ്മു കശ്മീരിന്റെ ഒരു ഭാഗം ഡല്‍ഹി മാതൃകയില്‍ കേന്ദ്രഭരണ പ്രദേശമാക്കും. ഇതിന് പുറമെ ലഡാക്ക് പൂര്‍ണ്ണമായും അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുമാക്കും. അതായത് ഇരു ഭാഗങ്ങളും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കും. ജമ്മു കശ്മീരിന് നിയമസഭയുണ്ടാകും. എന്നാല്‍ ലഡാക്കിന് നിയമസഭയുണ്ടാകില്ല.

എന്താണ് ആര്‍ട്ടിക്ക്ള്‍ 370

ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണപദവി നല്‍കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. താല്‍ക്കാലികവും പ്രത്യേകവുമായ വ്യവസ്ഥകളേക്കുറിച്ചുള്ള പ്രതിപാദിക്കുന്ന ഭരണഘടനയുടെ 21ാം പാര്‍ട്ടില്‍ ആണ് കശ്മീരിന് വേണ്ടി ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടുത്തിയിരുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ അനുഛേദപ്രകാരം കശ്മീരിന് ബാധകമല്ല. ഇതുപ്രകാരം ജമ്മു കശ്മീരിന് സ്വന്തമായി ഭരണഘടനയ്ക്ക് അവകാശമുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അധികാരങ്ങളില്‍ നിന്ന് നിരവധി കാര്യങ്ങളില്‍ സ്വതന്ത്രമാണ് ജമ്മു കശ്മീര്‍. വിദേശകാര്യം, പ്രതിരോധം, ധനകാര്യം ആശയവിനിമയം എന്ന വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങളില്‍ ജമ്മു സര്‍ക്കാരിന്റെ അനുവാദത്തോടെയേ കേന്ദ്രസര്‍ക്കാരിന് ഈ നിയമപ്രകാരം പ്രവര്‍ത്തിക്കാനാകൂ. സാധാരണഗതിയില്‍ കേന്ദ്രത്തിന് ഇവിടെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രയോഗിക്കാനാകില്ല. പൗരന്‍മാര്‍ക്കുള്ള മൗലികാവകാശങ്ങളിലും വ്യത്യാസങ്ങളുണ്ട്.

തയ്യാറാക്കിയത് ഷെയ്ഖ് അബ്ദുള്ള

ജമ്മു കശ്മീര്‍ പ്രധാനമന്ത്രി ആയിരുന്ന ഷെയ്ഖ് അബ്ദുള്ളയാണ് 1947ല്‍ അനുഛേദത്തിന്റെ വ്യവസ്ഥകള്‍ ഡ്രാഫ്റ്റ് ചെയ്തത്. മഹാരാജ ഹരിസിങ്ങും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമാണ് ഷെയ്ഖ് അബ്ദുള്ളയെ നിയോഗിച്ചത്. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥകളില്‍ ആര്‍ട്ടിക്കിള്‍ 370 പെടുത്തരുതെന്ന് ഷെയ്ഖ് അബ്ദുള്ള ശക്തമായി വാദിച്ചിരുന്നു. സ്വയംഭരണ വാഗ്ദാനം തിരിച്ചെടുക്കാനാവാത്തവിധം ശക്തമായിരിക്കണമെന്ന അബ്ദുളളയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. 1949 ഒക്ടോബര്‍ 17ന് ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയുടെ ഭാഗമായി.

ആര്‍ട്ടിക്കിള്‍ 35 എ

ആര്‍ട്ടിക്കിള്‍ 35 എയും റദ്ദു ചെയ്തിരിക്കുകയാണ്. ഈ നിയമ പ്രകാരം ജമ്മുകശ്മീരിലെ ഭൂമി ക്രയവിക്രയം ആ സംസ്ഥാനത്തെ ആളുകള്‍ തമ്മിലേ പാടുള്ളൂ. ഇതുപ്രകാരം പുറത്തുനിന്നുള്ള ആളുകള്‍ക്ക് ജമ്മുവില്‍ ഭൂമി വാങ്ങാനാകില്ല. കൂടാതെ തദ്ദേശവാസികള്‍ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. 1952 ല്‍ ന്യൂഡല്‍ഹിയും ശ്രീനഗറും തമ്മില്‍ ഉണ്ടാക്കിയ കരാറാണ് ആര്‍ട്ടിക്കിള്‍ 35 എ. 1954 ലെ പ്രസിഡന്റ് ഉത്തരവിലൂടെ ഇത് ഭരണഘടനയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിര താമസക്കാര്‍ ഒഴികെ മറ്റാര്‍ക്കും സംസ്ഥാനത്ത് സ്ഥിരമായി താമസമാക്കാനോ സ്ഥാവര വസ്തുക്കള്‍ നേടാനോ പ്രയോജനപ്പെടുത്താനോ കഴിയില്ല. സര്‍ക്കാര്‍ ജോലികള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റ് സഹായങ്ങള്‍ എന്നിവ സ്ഥിര താമസക്കാര്‍ക്ക് മാത്രമെ ലഭിക്കുകയുള്ളു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീക്ക് സസ്ഥാനത്തെ ഭൂമിയുടെ അവകാശം നഷ്ടമാവുകയും ചെയ്യും. കശ്മീരികള്‍ക്കുണ്ടായിരുന്ന ഇരട്ടപൗരത്വവും ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കുന്നതോടെ ഇല്ലാതാകും. എന്നാല്‍ ഈ നിയമം റദ്ദു ചെയ്യുന്നതോടെ രാജ്യത്തെ ആര്‍ക്കും കാശ്മിരില്‍ ഭൂമി വാങ്ങാം.

സ്ഥിര താമസക്കാര്‍

1911ന് മുമ്പ് ജമ്മുകാശ്മീരില്‍ ജനിച്ചവരും സ്ഥിര താമസമാക്കിയവരും പത്ത് വര്‍ഷ കാലയളവിനുള്ളില്‍ സംസ്ഥാനത്ത് സ്ഥാവര ജംഗമ വസ്തുക്കള്‍ സ്വന്തമാക്കിയവരെയുമാണ് സ്ഥിരതാമസക്കാരായി കണക്കാക്കിയിരിക്കുന്നത്. ജമ്മു കാശ്മീരില്‍നിന്നും പാകിസ്ഥാനിലേക്ക് കുടിയേറിയവരും ജമ്മു കാശ്മീരില്‍നിന്നുള്ള കുടിയേറ്റക്കാരെയും സംസ്ഥാനത്തിന്റെ ഭാഗമായി നിര്‍ണ്ണയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് ജമ്മു കാശ്മീരില്‍ സ്ഥിരതാമസമാക്കാനോ ഭൂമിയോ സ്വത്ത് വകകളോ വാങ്ങുന്നതിനോ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനോ സ്‌കോളര്‍ഷിപ്പ് നേടുന്നതിനോ നിയമം മൂലമുള്ള വിലക്കുണ്ട്. അതെല്ലാം ഇപ്പോള്‍ നീങ്ങിയിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here