ന്യൂഡല്‍ഹി: (www.mediavisionnews.in) കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം ആര്‍ട്ടിക്കിള്‍ എടുത്തുമാറ്റാനുള്ള ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ജമ്മുകശ്മീരിലെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ബില്‍.
എന്താണ് ആര്‍ട്ടിക്കിള്‍ 370
ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ ‘താല്‍ക്കാലിക ചട്ടം’ ആണ് ആര്‍ട്ടിക്കിള്‍ 370. കശ്മീരിന് പരമാധികാരവും സ്വയംഭരണാധികാരവും നല്‍കുന്നതാണ് ഈ ആര്‍ട്ടിക്കിള്‍. ഈ ചട്ടപ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ നിയമം ജമ്മുകശ്മീരിന് ബാധകമാകില്ല.
ഈ ആര്‍ട്ടിക്കിള്‍ പ്രകാരം പ്രതിരോധം, വിദേശകാര്യം, ധനം, ആശയവിനിമയം എന്നിവ ഒഴികെയുള്ള മറ്റെല്ലാ നിയമങ്ങളും കശ്മീരില്‍ നടപ്പിലാക്കണമെങ്കില്‍ പാര്‍ലമെന്റിന് ജമ്മുകശ്മീര്‍ സര്‍ക്കാറിന്റെ സമ്മതം ആവശ്യമാണ്.
ഈ ആര്‍ട്ടിക്കിള്‍ പ്രകാരം പൗരത്വം, മൗലികാവകാശം, സ്വത്തവകാശം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ മറ്റ് ഇന്ത്യക്കാരില്‍ നിന്ന് വിഭിന്നമായ ഒരുകൂട്ടം നിയമത്തിനു കീഴിലാണ് ജമ്മുകശ്മീര്‍.
ജമ്മുകശ്മീര്‍ ജനതയ്ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എയ്ക്കു കീഴില്‍ വരുന്നതാണ് ആര്‍ട്ടിക്കിള്‍ 370. ഇതുപ്രകാരം സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് കശ്മീരില്‍ സ്ഥിരതാമസത്തിനോ, ചലിക്കാത്ത സ്വത്തുവകകള്‍ സ്വന്തമാക്കാനോ കഴിയില്ല. സ്ഥിരതാമസക്കാരല്ലാത്തവര്‍ക്ക് ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ ജോലി നേടാനും കഴിയില്ല.
1947ല്‍ ഷെയ്ക്ക് അബ്ദുള്ളയാണ് ഈ ചട്ടങ്ങളുടെ കരട് തയ്യാറാക്കിയത്. മഹാരാജ ഹരി സിങ്ങും ജവഹര്‍ലാല്‍ നെഹ്‌റുവും ഷെയ്ക്ക് അബ്ദുള്ളയെ ജമ്മുകശ്മീരിന്റെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലികമാക്കരുതെന്ന് ഷെയ്ക്ക് അബ്ദുള്ള വാദിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഈ നിബന്ധന അംഗീകരിച്ചില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.