മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മീൻപിടിത്ത തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം അന്തിമഘട്ടത്തിൽ. ജില്ലയിലെ മൂന്നാമത്തെതും വലുതുമായ തുറമുഖമാണിത്. ഈ മാസം അവസാനത്തോടെ പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വടക്കേ പുലിമുട്ടിന് നിലവിൽ 530 മീറ്ററാണ് നീളം. ഇത് പൂർത്തിയായെങ്കിലും മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം 200 മീറ്റർ കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 490 മീറ്റർവരുന്ന തെക്കെ പുലിമുട്ട്, 100 മീറ്റർ നീളത്തിലുള്ള വാർഫ്, ലേലപ്പുര, ലോഡിങ് ഏരിയ, 71,000 ഘന അടി റിക്ലറേഷൻ ഡ്രഡ്‌ജിങ്, കാന്റീൻ, നെറ്റ് മെന്റിങ് ഷെഡ്, വർക്‌ഷോപ്പ്, ഗിയർ ഷെഡ്, കടമുറികൾ, വിശ്രമകേന്ദ്രം, ശുചി മുറികൾ, ഗ്രീൻ ബെൽറ്റ്, ചുറ്റുമതിൽ എന്നിവ പൂർത്തിയായി. പാർക്കിങ് ഏരിയ, സമീപന റോഡ്, ഗേറ്റ്, ഗേറ്റ് ഹൗസ് എന്നിവയുടെ നിർമാണം ദ്രുതഗതിയിൽ നടന്നുവരികയാണ്. ഏതാനും ദിവസത്തിനകം ഇത് പൂർത്തിയാകും.
പദ്ധതിപ്രദേശത്ത് ഉപ്പുവെള്ളമായതിനാൽ കുടിവെള്ളസൗകര്യം ഏർപ്പെടുത്തേണ്ടതുണ്ട്. മൂസോടിക്ക് സമീപം കിണർ കുഴിച്ച് വെള്ളമെത്തിക്കാൻ തുറമുഖവകുപ്പ് ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പുമൂലം സാധ്യമായില്ല. തുടർന്ന് ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികളും നടന്നുവരികയാണ്. പ്രളയസമയത്ത് തുറമുഖത്തിൽ മണൽ അടിഞ്ഞിരുന്നു. ഇത് നീക്കംചെയ്യുന്നതിന് ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്ന അഴിമുഖപ്പാലത്തിന്റെ ടെൻഡർ നടപടികളും നടന്നുവരികയാണ്. 16.7 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2014 ഫെബ്രുവരി 20-ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് തുറമുഖത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തത്.
48.8 കോടി രൂപയാണ് തുറമുഖത്തിന്റെ നിർമാണച്ചെലവ്. അഴിമുഖ പാലം, പുലിമുട്ടിന്റെ നീളം കൂട്ടുന്നതുൾപ്പെടെ മൊത്തം 79.8 കോടി രൂപയാണ് ചെലവ്. ഇതിന്റെ 75 ശതമാനം കേന്ദ്രാവിഷ്കൃത ഫണ്ടും 25 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. തുറമുഖം പ്രവർത്തനമാരംഭിക്കുന്നതോടെ 4000 തൊഴിലാളികൾക്ക് പ്രത്യക്ഷമായി തൊഴിൽ ലഭ്യമാകും. 300 ബോട്ടുകൾക്ക് മീൻപിടിക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും. കാഞ്ഞങ്ങാട് മുതൽ മംഗളൂരു പനമ്പൂർ വരെയുള്ള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളാണ് ഇവിടെയെത്തുന്നത്. പുണെ ആസ്ഥാനമായ സി.ഡബ്ല്യു.സി.ആർ.എസ്. ആണ് സാധ്യതാപഠനം നടത്തിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.