കണ്ണൂ: (www.mediavisionnews.in) എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തു. സി.ഒ.ടി നസീര്‍ വധശ്രമക്കേസിലാണ് നീക്കം. എം.എല്‍.എ ബോര്‍ഡ് സ്ഥാപിച്ച കാര്‍ ആണ് കസ്റ്റഡിയില്‍ എടുത്തത്. ഗൂഢാലോചന നടന്നത് ഈ കാറിലാണ്. സഹോദരന്റെ പേരിലുള്ളതാണ് കാര്‍.
ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഈ കാറില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനത്തില്‍ ഷംസീര്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയതും വിവാദമായിരുന്നു. കെ.എല്‍ 07 സി.ഡി 6887 നമ്പര്‍ ഇന്നോവയിരുന്നു യോഗത്തിനെത്തിയത്.
തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു മുമ്പില്‍ വെച്ചും ചോനാടത്തെ കിന്‍ഫ്ര പാര്‍ക്കിനടത്തുവെച്ചുമാണ് കാറില്‍ ഗൂഢാലോചന നടന്നതെന്ന് കേസില്‍ അറസ്റ്റിലായ പൊട്ടി സന്തോഷ് മൊഴി നല്‍കിയിരുന്നു.
മെയ് 18-ന് രാത്രിയാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റെസിഡന്‍സിക്കു സമീപം നസീര്‍ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തലശ്ശേരി ഏരിയാ കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി എന്‍.കെ രാഗേഷും അറസ്റ്റിലായിരുന്നു.
നേരത്തേ കേസില്‍ ഷംസീറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. കേസില്‍ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നടപടി.
സി.ഒ.ടി.നസീറിന്റെ വധശ്രമത്തിനു പിന്നില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മുന്‍ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എം.എല്‍.എയുടെ സഹായിയുമായിരുന്നയാള്‍ അറസ്റ്റിലായത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.