ന്യൂഡല്‍ഹി: (www.mediavisionnews.in) എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള അധികാരം നിയമസഭാ സ്പീക്കർക്കാണെന്നിരിക്കെ, അതില്‍ കോടതി തീരുമാനമെടുക്കേണ്ട കാര്യമെന്താണെന്ന് സുപ്രീംകോടതി. തമിഴ്നാട് ഡി.എം.കെ നേതാവ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർണായകമായ നിരീക്ഷണം. എം.എൽ.മാരെ അയോഗ്യരാക്കിയ കർണാടക സ്പീക്കറുടെ തീരുമാനം പുനപരിശോധിക്കാൻ വിമത എം.എൽ.എമാർ കോടതിയെ സമീപിച്ചതിന് തൊട്ടടുത്ത ദിവസമാണ് സുപ്രീംകോടതി ചോദ്യമുന്നയിച്ചിരിക്കുന്നത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കർക്കാണ്. ഇതിന്റെ പശ്ചാതലത്തിൽ കോടതി എന്തിന് ഇടപെടണമെന്നാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ആർ സുഭാഷ് റെഢി, ബി.ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചത്. തമിഴ്നാടിലെ 11 എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെയും, ഉപമുഖ്യമന്ത്രി ഒ പനീർശെൽവത്തിനെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെയുടെ ആർ സക്കറപാണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം സ്പീക്കറുടെ അധികാര പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഹെെക്കോടതിയും ഹരജി തള്ളിയിരുന്നു. ഹരജിയിൽ ആഗസ്റ്റ് 20ന് കോടതി വീണ്ടും വാദം കേൾക്കും.
കർണാടക വിമത എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കർ കെ.ആർ രമേശ് കുമാറിന്റെ വിധിക്കെതിരെ രണ്ട് കോൺഗ്രസ് എം.എൽ.എമാർ ഹരജി നൽകിയ സന്ദർഭത്തിലാണ് മറ്റൊരു കേസിലുള്ള കോടതിയുടെ നിരീക്ഷണമെന്നതും ശ്രദ്ധേയമാണ്.