മുത്വലാഖ് ബില്‍ രാജ്യസഭയിലും പാസായി

0
179

ന്യൂദല്‍ഹി: (www.mediavisionnews.in) മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസായി. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം തള്ളിയതിനു പിന്നാലെ നടന്ന വോട്ടെടുപ്പിലും സര്‍ക്കാരിന് അനുകൂലമായാണു കാര്യങ്ങള്‍ സംഭവിച്ചത്. ഇതോടെ മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള നിയമം രൂപീകൃതമാകും.

99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിനിടെ എ.ഐ.ഡി.എം.കെ, ജെ.ഡി.യു അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ബി.എസ്.പി, ടി.ആര്‍.എസ്, ടി.ഡി.പി പാര്‍ട്ടി അംഗങ്ങള്‍ ആരുംതന്നെ സഭയിലുണ്ടായില്ല.

നേരത്തേ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തെ 100 പേര്‍ എതിര്‍ത്തപ്പോള്‍ അനുകൂലിച്ചത് 84 പേരാണ്.

ബില്ലില്‍ ഭേദഗതി വേണമെന്നുള്ളതുകൊണ്ടാണ് അത് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം മുന്നോട്ടുവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ബില്ലിനെതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

നേരത്തെ രണ്ടുതവണ ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോഴും പാസായിരുന്നില്ല. രാജ്യസഭയില്‍ ബില്‍ പാസാകണമെങ്കില്‍ 121 പേരുടെ പിന്തുണയാണ് സര്‍ക്കാറിന് ആവശ്യമുള്ളത്. 107 പേര്‍ എന്‍.ഡി.എയുടേതായി രാജ്യസഭയിലുണ്ട്.

മുസ്ലിം പുരുഷന്‍മാര്‍ക്ക് എതിരെ മാത്രം ക്രിമിനല്‍ കുറ്റം ചുമത്തുന്നത് പൊലീസും മറ്റ് ഏജന്‍സികളും ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന ആശങ്കയാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്നത്.

ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ മുസ്ലിം സമുദായത്തില്‍ മാത്രമല്ല, ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളിലുമുണ്ട്. ഈ സമുദായങ്ങളിലെ പുരുഷന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്? ലിംഗനീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇതരസമുദായങ്ങളില്‍ പെട്ട സ്ത്രീകളെ കാണുന്നില്ലയെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here