ഹൊസങ്കടി (www.mediavisionnews.in) : സ്വര്‍ണ്ണക്കടത്തുകാര്‍ തട്ടിക്കൊണ്ടു പോയ കോളേജ് വിദ്യാര്‍ത്ഥിയെ നാല് ദിവസം ബന്ദിയാക്കി പാര്‍പ്പിച്ചത് കര്‍ണ്ണാടകയിലെ ഏതോ വനത്തിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഇരുട്ടു മുറിയില്‍ ആയിരുന്നുവെന്ന വിവരം പുറത്തു വന്നു. തൊക്കോട്ടെ സ്വകാര്യ കോളേജില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മജീര്‍ പള്ളം കൊള്ളിയൂരിലെ ഹാരിസിനെ (17) യാണ് സ്വര്‍ണ്ണക്കടത്ത് സംഘം കാറില്‍ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചത്. പിന്നീട് മോചിതനായ ഹാരിസ് പൊലീസിന് നല്‍കിയ മൊഴിയിലാണ് തടവിലാക്കപ്പെട്ട സമയത്ത് താന്‍ നേരിട്ട അവസ്ഥയെ കുറിച്ച് വ്യക്തമാക്കിയത്.
ജൂലൈ 22ന് സഹോദരിയെയും കൊണ്ട് സ്‌കൂട്ടറില്‍ കൊള്ളിയൂര്‍ പദവിലെ മദ്രസയിലേക്ക് പോകുമ്പോഴാണ് കാറിലെത്തിയ സംഘം ഹാരിസിനെ ബലമായി കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോയത്. രണ്ട് കിലോ മീറ്റര്‍ പിന്നിട്ടതോടെ കാറിലുണ്ടായിരുന്ന നാലംഗസംഘം നിര്‍ദ്ദേശിച്ചതനുസരിച്ച് തലതാഴ്ത്തിയ വിദ്യാര്‍ത്ഥിയുടെ മുഖത്ത് കറുത്ത തുണികെട്ടി. ഇതിനുശേഷം സംഘവും മുഖം മൂടി ധരിച്ചു.തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ ഓടിയ കാര്‍ വനത്തിലെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിനുമുന്നില്‍ നിര്‍ത്തുകയും ഹാരിസിനെ കെട്ടിടത്തിലെ ഇരുട്ടു മുറിയില്‍ അടയ്ക്കുകയും ചെയ്തു.
മുറിയില്‍ ബള്‍ബുണ്ടായിരുന്നുവെങ്കിലും ലൈറ്റിട്ട് നല്‍കിയിരുന്നില്ല. ഒരു പായയും തലയണയും മാത്രമാണ് കിടക്കാന്‍ നല്‍കിയത്. ബാത്‌റൂമില്‍ പോകുമ്പോള്‍ മാത്രം മുഖത്ത് നിന്ന് കറുത്ത തുണി അഴിച്ചു മാറ്റും. ഇറങ്ങുമ്പോള്‍ വീണ്ടും തുണികെട്ടും. അതേ സമയം ഹാരിസിന് ആവശ്യപ്പെടുന്ന ഭക്ഷണം നല്‍കാന്‍ സംഘം തയ്യാറായി. ചിക്കന്‍ ബിരിയാണിയും ചിക്കന്‍ സുക്കയും മതിവരുവോളം കഴിക്കാന്‍ ഹാരിസിന് നല്‍കി. ഇരുട്ടു മുറിയില്‍ കഴിഞ്ഞ സമയത്ത് തന്നെ തട്ടികൊണ്ടു വന്ന സംഘത്തെ കൂടാതെ മറ്റ് ചിലര്‍ കൂടി മുറിയിലേക്ക് വന്നിരുന്നുവെന്നും എന്നാല്‍ കണ്ണ് മൂടിക്കെട്ടിയതിനാല്‍ ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും വിദ്യാര്‍ത്ഥി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
നാലു പേരില്‍ ഒരാള്‍ മലയാളം സംസാരിച്ചിരുന്നുവെങ്കിലും മറ്റ് മൂന്ന് പേരുടെ ഭാഷ വ്യക്തമായില്ലെന്നും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ ഹാരിസിനെ സംഘം കെട്ടിടത്തില്‍ നിന്ന് മോചിപ്പിച്ച് വീണ്ടും കാറില്‍ കയറ്റി ഒരു ഉള്‍പ്രദേശത്തേക്ക് കൊണ്ടുപോയി വിട്ടു. ഹാരിസിന്റെ ബാഗും പുസ്തകവും തിരിച്ചു നല്‍കിയ സംഘം മൊബൈല്‍ ഫോണ്‍ നല്‍കാന്‍ തയ്യാറായില്ല.
മൊബൈല്‍ ഫോണ്‍ പിന്നീട് എത്തിക്കാമെന്ന് പറഞ്ഞ് ചെലവിനായി 1000 രൂപ നല്‍കി. ഇവിടെ നിന്നും മുഖത്തെ കറുത്ത തുണി സ്വയം മാറ്റിയ ഹാരിസ് പത്ത് കിലോമീറ്ററോളം നടന്നു. ഇതിനിടയില്‍ കറുത്ത തുണി കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. പിന്നീട് മംഗളൂരുവിലെ പമ്പുവെല്ലിലെത്തിയ ഹാരിസ് ഉമ്മയെ ഫോണ്‍ ചെയ്ത് താന്‍ മോചിതനായ കാര്യം അറിയിച്ചതോടെ വിവരം മഞ്ചേശ്വരം പൊലീസിന് കൈമാറുകയായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.