നിസാര്‍ അലിയാര്‍ രാജ്യംകണ്ട ഏറ്റവുംവലിയ സ്വര്‍ണക്കടത്തുകാരന്‍, കടത്തിയത് 1000 കോടിയുടെ സ്വര്‍ണം

0
242

ന്യൂഡല്‍ഹി: (www.mediavisionnews.in) മുംബൈയില്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പെരുമ്പാവൂര്‍ സ്വദേശി  നിസാര്‍ അലിയാര്‍ ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്തുകാരനെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ്. കഴിഞ്ഞ വര്‍ഷം മാത്രം 1000 കോടി മൂല്യമുള്ള 3300 കിലോ സ്വര്‍ണം നിസാര്‍ അലിയാര്‍ ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരില്‍ ഇറക്കുമതി ചെയ്തുവെന്ന് ഡിആര്‍ഐ കണ്ടെത്തി. ഡിആര്‍ഐയുടെ കണ്ടെത്തല്‍ ശരിവെച്ച സുപ്രീംകോടതി നിസാറിനെ കൊഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വെച്ച നടപടിയും ശരിവെച്ചു.

കഴിഞ്ഞ ഏപ്രിലില്‍ 110 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് നടന്ന അന്വേഷണമാണ് പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാറിലേക്ക് എത്തിയത്. ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരില്‍ സ്വര്‍ണം ഇറക്കുമതി ചെയ്തത് നിസാര്‍ ആണെന്ന് കൂട്ടുപ്രതി അരവിന്ദ് കുമാര്‍ ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള പെരുമ്പാവൂരിലെ സ്ഥാപനങ്ങളിലും വീടുകളിലും മുംബൈയില്‍ നിന്നുള്ള ഡിആര്‍ഐ അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു.

നിസാര്‍ ഇപ്പോള്‍ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ്. കോഫെപോസ ചുമത്തിയതിനെതിരെ നിസാര്‍ അലിയാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് രാജ്യത്തെ ഏറ്റവും വിലയേറിയ അഭിഭാഷകനായ മുകുള്‍ റോത്തഗിയായിരുന്നു.

ചുരുങ്ങിയ കാലയളവില്‍ 3300 കിലോ സ്വര്‍ണം ഇരുമ്പ് സ്‌ക്രാപ്പെന്ന പേരില്‍ നിസാര്‍ അലിയാര്‍ ഇറക്കുമതി ചെയ്‌തെന്നാണ് ഡിആര്‍ഐ സുപ്രീം കോടതിയെ അറിയിച്ചത്. 2018 ജൂലായി മുതല്‍ ഒരുവര്‍ഷം കൊണ്ട് ഇത്തരത്തില്‍ 1000 കോടിയുടെ സ്വര്‍ണമാണ് നിസാര്‍ അലിയാര്‍ ഇറക്കുമതി ചെയ്തത്. രാജ്യത്തെതന്നെ ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് ഇതെന്ന ഡിആര്‍ഐയുടെ വിലയിരുത്തല്‍ ശരിവെച്ച സുപ്രീംകോടതി നിസാര്‍ അലിയാരുടെയും കൂട്ടുപ്രതി അരവിന്ദ് കുമാറിന്റെയും കരുതല്‍ തടങ്കല്‍ ശരിവെയ്ക്കുകയായിരുന്നു. പെരുമ്പാവൂരിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും തനിക്ക് ദുബായില്‍ ബിസിനസ് ആണെന്നാണ് നിസാര്‍ ധരിപ്പിച്ചിരുന്നത്.

2015 മുതലാണ് നിസാര്‍ അലിയാരുടെ സാമ്പത്തിക വളര്‍ച്ച തുടങ്ങുന്നത്. പെരുമ്പാവൂരില്‍ നിസാറിന്റെയും ഭാര്യയുടെയും പേരില്‍ ചില കമ്പനികള്‍ ഉണ്ട്. ഇവയുടെ പേരില്‍ ഒരുപാട് ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരങ്ങള്‍. പ്രധാനമായും അല്‍റാംസ് മെറ്റല്‍ സ്‌ക്രാപ്പ്, ബ്ലൂസീ മെറ്റല്‍ എന്നീ രണ്ട് കമ്പനികള്‍ ഉപയോഗിച്ച് ഇറക്കുമതി ലൈസന്‍സ് നേടിയെടുക്കുകയും ഈ കമ്പനികളിലേക്ക് ഇരുമ്പ് സ്‌ക്രാപ്പ് എന്നപേരില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുകയുമായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഗുജറാത്തിലെ തുറമുഖങ്ങള്‍ വഴിയാണ് പ്രധാനമായും ഇറക്കുമതി നടന്നിരുന്നത്.

110 കിലോ സ്വര്‍ണവുമായി മുംബൈയില്‍ വെച്ച് രണ്ടുപേരെ ഡിആര്‍ഐ പിടികൂടുന്നിടത്തുവെച്ചാണ് അന്വേഷണം കേരളത്തിലേക്ക് നീളുന്നത്. പിടിയിലായ പ്രതികള്‍ നിസാറിനെതിരെ മൊഴി നല്‍കി. തുടര്‍ന്ന് കഴിഞ്ഞമാസം പെരുമ്പാവൂരിലെ നിസാറിന്റെയും ഭാര്യയുടെയും പേരിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. ഇതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് 3300 കിലോ സ്വര്‍ണം ഇരുമ്പ് സ്‌ക്രാപ്പെന്ന പേരില്‍ നിസാര്‍ ഇറക്കുമതി ചെയ്‌തെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കോഫെപോസ നിയമപ്രകാരം നിസറിനെ കരുതല്‍ തടങ്കലില്‍ വെച്ചു. ഇതിനെതിരെ നിസാര്‍ കോടതിയെ സമീപിച്ചു. മുംബൈ കോടതി ഇക്കാര്യത്തില്‍ ഇറക്കിയ വിധിക്കെതിരെ ഡിആര്‍ഐ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ നിസാറിനായി ഹാജരായത് രാജ്യത്തെ വിലയേറിയ അഭിഭാഷകനായ മുകുള്‍ റോത്തഗിയായിരുന്നു. ഡിആര്‍ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നടരാജും ഹാജരായി.

വിഷയത്തില്‍ ഡിആര്‍ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണ്ട് കോടതി പോലും ഞെട്ടി. നിസാര്‍ അനധികൃതമായി ഇറക്കിയ സ്വര്‍ണം രാജ്യത്തെ വിവിധ ജ്വല്ലറികള്‍ക്കും മറ്റും വിതരണം ചെയ്തിട്ടുണ്ടെന്നും ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ മുംബൈയില്‍ നിന്ന് 110 കിലോ സ്വര്‍ണം പിടിച്ചപ്പോള്‍ 80 കിലോ സ്വര്‍ണം കേരളത്തിലേക്ക് കൊണ്ടുവന്നുവെന്ന് ഡിആര്‍ഐക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഒരു ലോറിയിലാണ് 80 കിലോ സ്വര്‍ണം കേരളത്തിലെത്തിച്ചത്. കോഴിക്കോട് കല്ലായിയില്‍ വെച്ച് സ്വര്‍ണം കൈമാറിയെന്നാണ് ഡിആര്‍ഐയ്ക്ക് വിവരം ലഭിച്ചത്. എന്നാല്‍ ഇതിന്റെ തുടരന്വേഷണം വഴിമുട്ടുകയായിരുന്നു. കല്ലായിയില്‍വെച്ച് കൈമാറിയ സ്വര്‍ണം നിസാറിന്റെ കൂട്ടാളിയാണ് കൈപ്പറ്റിയതെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ സ്വര്‍ണം എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ ഡിആര്‍ഐയ്ക്ക് സാധിച്ചിരുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ ഒരു വ്യക്തിയോ ഒരു സംഘമോ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് നിസാര്‍ നടത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here