ആറ് വര്‍ഷം മുമ്പ് ഒരു കളിക്ക് വെറും 200 രൂപ വേതനം; ഇന്ന് ഇന്ത്യന്‍ ടീമില്‍

0
235

മുംബൈ (www.mediavisionnews.in) : ഇക്കഴിഞ്ഞ മാര്‍ച്ച് 23, ഐ.പി.എല്‍ 2019 സീസണിലെ ആദ്യ മത്സരം. ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടുന്നത് റോയല്‍ ചലഞ്ചേഴ്‍സ് ബംഗളൂരു. ബാറ്റിങില്‍ അമ്പേ തകര്‍ന്നടിഞ്ഞ ബംഗളൂരു ഉയര്‍ത്തിയത് കേവലം 70 റണ്‍സ്. വിജയലക്ഷ്യമായ 71 റണ്‍സിലേക്ക് ബാറ്റ് ചെയ്യാന്‍ ചെന്നൈ ഇറങ്ങി.

കൂറ്റനടിക്കാരനായ വാട്സനും റായിഡുവുമായിരുന്നു ചെന്നൈയുടെ ഓപ്പണര്‍മാര്‍. രണ്ടാമത്തെ ഓവര്‍ ചെയ്യാന്‍ എത്തിയത് പുതുമുഖമായ ഹരിയാനക്കാരന്‍ നവദീപ് സൈനി. ഓവറിലെ മൂന്നാമത്തെ പന്തില്‍ സൈനിയെ നേരിട്ടത് വാട്സന്‍. മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗത്തില്‍ സൈനി എറിഞ്ഞ ബൌണ്‍സര്‍ കണ്ണടച്ചുതുറക്കും മുമ്പ് ഓസീസ് താരത്തിന്റെ ഹെല്‍മറ്റില്‍ പതിച്ചു. കമന്റേറ്റര്‍മാരെ പോലും അതിശയിപ്പിച്ചു കളഞ്ഞു സൈനി. പിന്നീടങ്ങോട്ട് ചെന്നൈയുടെ പല ബാറ്റ്സ്മാന്‍മാരും സൈനിയുടെ വേഗത്തിന്റെ ചൂടറിഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചാണ് സൈനി ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ഇന്ത്യന്‍ പേസര്‍മാരില്‍ 150 കിലോമീറ്റര്‍ വേഗമെന്ന ലക്ഷ്യം അനായാസം മറികടക്കുന്ന താരമായി സൈനി വളര്‍ന്നു. ഇന്ത്യ എ ടീമിലുള്ള സൈനി അടുത്തിടെ അ‍ഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച് ഒരിക്കല്‍ കൂടി കരുത്തുതെളിയിച്ചു. റോക്കറ്റ് വേഗത്തിലുള്ള സൈനിയുടെ പന്തുകള്‍ക്ക് മേല്‍ ഇന്ത്യന്‍ ടീം സെലക്ടേഴ്സിന്റെ കണ്ണ് പതിഞ്ഞതോടെ വലിയൊരു ദൌത്യം കൂടി ഈ 26 കാരനെ തേടിയെത്തി. അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ ഏകദിന, ട്വന്റി 20 ടീമുകളിലേക്ക് സൈനിയെ സെലക്ടര്‍മാര്‍ കുടിയിരുത്തി.

പതിഞ്ഞ താളത്തിലായിരുന്നു സൈനിയുടെ ക്രിക്കറ്റ് യാത്ര. 2013 വരെ തുകല്‍പന്തില്‍ സൈനി കളിച്ചു തുടങ്ങിയിരുന്നില്ല. ജില്ലാ ടീമില്‍ പോലും സൈനി അംഗമായിരുന്നില്ല. സ്വന്തം ഗ്രാമത്തിലെ പ്രദേശിക ടൂര്‍ണമെന്റുകളില്‍ ടെന്നീസ് ബോളിലായിരുന്നു അതു വരെ സൈനിയുടെ കളി. അതും ഒരു കളിക്ക് വെറും 200 രൂപ എന്ന വേതനത്തില്‍. മുന്‍ ഡല്‍ഹി മീഡിയം പേസര്‍ സുമിത് നര്‍വാലാണ് ഒരിക്കല്‍ കര്‍ണാല്‍ പ്രീമിയര്‍ ലീഗില്‍ പന്തെറിയുന്ന സൈനിയെ ശ്രദ്ധിക്കുന്നത്.

സൈനിയുടെ പന്തുകളുടെ വേഗം തന്നെയാണ് സുമിതിനെ ആകര്‍ഷിച്ചത്. ഇതോടെ സൈനിയെ കയ്യോടെ സുമിത് ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയിലെ നെറ്റ്സില്‍ മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറിനെ പോലും വിറപ്പിച്ചു കളഞ്ഞു ഈ ഹരിയാനക്കാരന്‍. ഇതോടെ സമ്മാനമായി ഗംഭീര്‍ ഒരു ജോഡി ബൂട്ട്സ് വാങ്ങി സൈനിക്ക് നല്‍കി. സ്ഥിരമായി നെറ്റ്സില്‍ പരിശീലനം നടത്താനും ഉപദേശിച്ചു. ഇതായിരുന്നു ഡല്‍ഹി ക്രിക്കറ്റിലേക്കുള്ള സൈനിയുടെ വഴി തുറന്നത്. ഗംഭീറിന്റെ ശിഷ്യത്വത്തിലായിരുന്നു സൈനിയുടെ വളര്‍ച്ച. കുറഞ്ഞ കാലം കൊണ്ട് തന്നെ സൈനി ഡല്‍ഹിയുടെ രഞ്ജി താരമായി വളര്‍ന്നു.

പിന്നീടങ്ങോട്ട് സൈനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2017-2018 രഞ്ജി സീസണില്‍ ഡല്‍ഹിയെ ഫൈനലില്‍ എത്തിച്ചത് സൈനിയുടെ മികവ് കൊണ്ടും കൂടിയായിരുന്നു. എട്ടു മത്സരങ്ങളില്‍ നിന്നായി 34 വിക്കറ്റുകളാണ് ആ സീസണില്‍ സൈനി സ്വന്തമാക്കിയത്. സെമിയില്‍ ബംഗാളിനെതിരെ ആദ്യ ഇന്നിങ്സില്‍ മൂന്നു വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റും നേടി സൈനി വന്‍ പ്രഹരമേല്‍പ്പിച്ചു. ഗംഭീറിനെ കുറിച്ച് സൈനി പറഞ്ഞു തുടങ്ങിയാല്‍ വികാരഭരിതനാകും. “ആത്മാര്‍ഥമായി കഠിനാധ്വാനം ചെയ്താല്‍ നീ ഒരു ദിവസം ഇന്ത്യക്ക് വേണ്ടി കളികുമെന്ന് ഗംഭീര്‍ പറയുമായിരുന്നു. എന്റെ കഴിവുകള്‍ ഞാന്‍ തിരിച്ചറിയും മുമ്പ് കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചും ഗംഭീറായിരുന്നു.” – സൈനി പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here