കുമ്പള: (www.mediavisionnews.in) സമുദ്രാതിർത്തി ലംഘിച്ചതിന് ഇൻഡൊനീഷ്യൻ നാവികസേനയുടെ പിടിയിലകപ്പെട്ട 23 ഇന്ത്യാക്കാരിൽ ഉപ്പളയിലെയും കുമ്പള ആരിക്കാടിയിലെയും രണ്ടുപേരും. ആറുമാസമായി നാട്ടിലെത്താനുള്ള മോഹവുമായി നാളുകൾ തള്ളിനീക്കുകയാണ് ഇവർ. രണ്ടുദിവസം മുമ്പുവരെ ഉപ്പള സ്വദേശിയായ പി.കെ.മൂസക്കുഞ്ഞ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. എന്നാണ് നാട്ടിലേക്ക് വരാനാവുകയെന്ന് അറിയില്ലെന്നാണ് ഇവർ ബന്ധുക്കളോട് പറഞ്ഞത്. ഇൻഡൊനീഷ്യൻ നാവികസേന കേസ് മനപ്പൂർവം വൈകിപ്പിക്കുകയാണെന്നാണ് ഇവർ പറയുന്നത്.
കുമ്പള ആരിക്കാടിയിലെ കലന്തറാണ് മറ്റൊരാൾ. രാസപദാർഥങ്ങളുമായി മുംബൈയിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ഹോങ്കോങ് ആംഗ്ലോ-ഈസ്റ്റേൺ ഷിപ്പിങ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കപ്പൽ അബദ്ധത്തിൽ ഇൻഡൊനീഷ്യൻ അതിർത്തികടക്കുകയായിരുന്നു. ഇതേത്തുടർന്ന് അധികൃതരെത്തി മുഴുവനാളുകളെയും അറസ്റ്റുചെയ്തു. മാസങ്ങൾക്കുമുമ്പ് ഇന്ത്യൻ എംബസി അധികൃതരും വിദേശമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമെത്തി നാവികസേനാധികൃതരുമായി ചർച്ചനടത്തിയിരുന്നുവെങ്കിലും നടപടികളെങ്ങുമെത്തിയില്ല. ഇപ്പോൾ കേസ് കോടതിയിലെത്തിയെങ്കിലും വിചാരണ ഇനിയും തുടങ്ങിയിട്ടില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.