അപകടമാകുന്ന ടിക് ടോക്ക് ലഹരി . . . മുന്നറിയിപ്പ് നൽകി സൈബർ വിദഗ്ദർ

0
224

ന്യൂഡല്‍ഹി(www.mediavisionnews.in) : ടിക് ടോക് അഭിനയം പരിധി വിട്ട് വലിയ ‘മരണക്കെണി’യായി മാറുന്നു. ഏറ്റവും ഒടുവില്‍ ഒരു ഇരുപത് വയസ്സുകാരിയാണിപ്പോള്‍ ബലിയാടായിരിക്കുന്നത്. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. വീടിനടുത്തുള്ള കൃഷിയിടത്തിലെ കുളത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. ടിക് ടോകില്‍ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കാല്‍ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.

ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിലെ ദുലപ്പള്ളി തടാകത്തില്‍ യുവാവ് മുങ്ങി മരിച്ചതും ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു. അടുത്തയിടെയായിരുന്നു ഈ സംഭവവും നടന്നിരുന്നത്. നരസിംഹലു എന്ന യുവാവാണ് മരണപ്പെട്ടത്. ബന്ധുവായ പ്രശാന്തായിരുന്നു വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. നരസിംഹലു നൃത്തം ചെയ്യുന്നതിനിടെ വെള്ളത്തിലേക്ക് കാല്‍ തെന്നി വീണതാണ് മരണത്തിനിടയാക്കിയിരുന്നത്.

ഇന്ത്യയില്‍ മാത്രം നിരവധി പേരുടെ ജീവനുകളാണ് ടിക് ടോക്കില്‍ ചുവട് പിഴച്ച് ഇതിനകംതന്നെ നഷ്ടമായിരിക്കുന്നത്. എന്തിനേറെ കേരള പൊലീസ് തന്നെ ടിക് ടോക്ക് വീഡിയോകള്‍ക്കെതിരെ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരുവിലേക്ക് ടിക് ടോക്ക് കാമറക്കണ്ണുകള്‍ എത്തിയതോടെയായിരുന്നു ഈ മുന്നറിയിപ്പ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മേല്‍ ചാടി വീണ് ഡാന്‍സ് ചെയ്യുന്നതിനിടെ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇത്തരം ഏര്‍പ്പാട് തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെയും തീരുമാനം.

കുട്ടികള്‍ മാത്രമല്ല മുതിര്‍ന്ന സ്ത്രീകള്‍ പോലും ടിക് ടോകിന് അടിമയായതോടെ ദുരുപയോഗവും നിലവില്‍ കൂടിയിട്ടുണ്ട്. പ്രായവും പരിസരവും നോക്കാതെ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്ഫോമുകളില്‍ അഭിനയിച്ച് കസറുന്ന സ്ത്രീകള്‍ കുരുക്കിലാവുന്നതും പതിവ് സംഭവമാണ്. ഫെയ്സ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ പോലും ഇടാത്ത ചില പെണ്‍കുട്ടികളുണ്ട്. എന്നാല്‍ ടിക്ടോക്കില്‍ ഇവര്‍ ചെയ്ത സെല്‍ഫി വിഡിയോകളെല്ലാം ഫെയ്സ്ബുക് വാളില്‍ ഷെയര്‍ ചെയ്തുവയ്ക്കും.

വീഡിയോയില്‍ നിന്നു കിട്ടുന്ന സൂചനകള്‍ മുതലെടുത്ത് പലരും പെണ്‍കുട്ടികളെ പിന്തുടരുന്ന സംഭവങ്ങളുണ്ടെന്ന് സോഷ്യല്‍ മീഡിയ, മൊബൈല്‍ ആപ്ലിക്കേഷന്‍ വിദഗ്ധനായ രതീഷ് ആര്‍.മേനോന്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സൈബര്‍ ലോകത്തേക്ക് പോസ്റ്റ് ചെയ്യുന്ന ഏത് വിഡിയോയും ചിത്രവും തങ്ങളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് വീഡിയോ പോസ്റ്റ് ചെയ്യുന്നവരുടെ ഉത്തരവാദിത്വമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സൈബര്‍ ലോകത്തേക്ക് പോസ്റ്റ് ചെയ്യുന്ന ഓരോ വിഡിയോയും എങ്ങനെ തിരിച്ചടിക്കുമെന്ന് പ്രവചിക്കാനാകില്ല. ലൈക്കും ഫോളോവേഴ്സും കൂടുതല്‍ കിട്ടാനായി വള്‍ഗറായ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും കുത്തനെ കൂടിയിട്ടുണ്ട്. സ്വന്തം അറിവോടു കൂടിയാണെങ്കില്‍ പോലും അശ്ലീലം കലര്‍ന്ന ഇത്തരം വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം തെറ്റാണെന്ന് സൈബര്‍ നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ചെറിയ കുട്ടികളെ കൂട്ടി ഇത്തരം വിഡിയോ പകര്‍ത്തുന്നതും അപ്ലോഡ് ചെയ്യുന്നതും രക്ഷിതാവാണെങ്കില്‍ പോലും, കുട്ടിയുടെ സ്വകാര്യതയും അവകാശവും ലംഘിക്കുന്നതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതിപ്പെട്ടാല്‍ ബാലാവകാശ കമ്മിഷനും കേസെടുക്കാന്‍ അധികാരമുണ്ട്.

ഒരു ചെറു വീഡിയോ അധിഷ്ഠിതമായ സാമൂഹിക മാധ്യമം ഇപ്പോള്‍ പ്രായഭേദമന്യേ പലരുടെയും ലഹിരിയായിരിക്കുകയാണ്. അപകടകരമായ ലഹരിയാണത്. ഇത് തിരിച്ചറിഞ്ഞില്ലങ്കില്‍ ജീവിതത്തില്‍ വലിയ വിലയാണ് നല്‍കേണ്ടി വരിക. ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുമ്പോള്‍ തന്നെ മദ്രാസ് ഹൈക്കോടതി പറഞ്ഞ ഒരു കാര്യം അശ്ലീല ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നതാണ്.

അശ്ലീല ദൃശ്യങ്ങളും പുതുതലമുറക്ക് ഹാനികരമാകുന്ന കാര്യങ്ങളും ഒഴിവാക്കുമെന്ന് കമ്പനി അധികൃതരും കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും വേണ്ടത്ര പ്രയോഗത്തില്‍ വന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ടിക് ടോക്കിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പാത ഇന്ത്യയും പിന്‍തുടരണമെന്ന ആവശ്യമാണ് നിലവില്‍ ശക്തമായിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here