പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ നേതാക്കള്‍: അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കളക്ട്രേറ്റ് മാർച്ച് ജൂലായ് 20 ന്

0
214

കോഴിക്കോട്: (www.mediavisionnews.in) പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ എസ്എഫ്ഐ ക്രിമിനലുകൾ റാങ്ക് പട്ടികയിൽ ഇടം നേടിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 20ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കളക്ട്രേറ്റുകളിലേക്ക് മാർച്ച് നടത്തും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ക്യാന്റീനിൽ പാട്ട് പാടിയതിനെ തുടർന്നാണ് അഖിൽ എന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ ശിവരഞ്ജിത്തും നസീമും ചേർന്ന് കുത്തിപരിക്കേൽപിച്ചത്. ഇതിൽ ഒന്നാം പ്രതി ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിൽ ഒന്നാം റാങ്കാണ്. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 
78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോര്‍ട്‍സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് ലഭിച്ചു. മൈനസ് മാർക്കുള്ള പരീക്ഷയിൽ വർഷങ്ങളോളം പരിശീലനം നേടുന്ന ഉദ്യോഗാർത്ഥികൾ പോലും സ്വപ്നം കാണുന്ന മാർക്കുകളാണിത്.രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം. നേരത്തെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിൽ കേരള സര്‍വകലാശാലയുടെ ഉത്തര കടലാസും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെടുത്തിരുന്നു. ഇതോടെയാണ് എസ്എഫ്ഐ ക്രിമിനലുകൾ റാങ്ക് പട്ടികയിൽ ഇടം നേടിയതിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here