സംസ്ഥാനത്താദ്യമായി ജയിൽ ചാടിയ തടവുകാരികൾ പിടിയിൽ; പിടികൂടിയത് മോഷ്ടിച്ച സ്കൂട്ടറിൽ ബന്ധുവീട്ടിലേക്ക് വരവെ

0
444

തിരുവനന്തപുരം (www.mediavisionnews.in): അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവു ചാടിയ വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശിൽപ എന്നിവരെ പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പാലോട് അടപ്പുപാറയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. റൂറല്‍ എസ് പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ (26) യും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളയംദേശം തെക്കുംകര പുത്തന്‍വീട്ടില്‍ ശിൽപമോളും (23) അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്.

കൊല്ലം പാരിപ്പള്ളിയില്‍ ഉള്ള ഒരു കടയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ പാലോടുള്ള ബന്ധുവീട്ടിലേക്ക് വരവേയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. വണ്ടി തിരിച്ചറിയാതിരിക്കാനായി നമ്പര്‍പ്ലേറ്റില്‍ കൃത്രിമത്വം വരുത്തിയ ശേഷമായിരുന്നു ഇവര്‍ യാത്ര ചെയ്തത്. ഇവര്‍ ബന്ധുവീട്ടില്‍ എത്തിയേക്കുമെന്ന രഹസ്യവിവരം റൂറല്‍ എസ് പി അശോകന് നേരത്തേ ലഭിച്ചിരുന്നു. പിടികൂടിയ വനിതാ തടവുകാരെ ആദ്യം പാലോട് സ്റ്റേഷനിലെത്തിച്ചു തുടര്‍ന്ന് രാത്രിയോടെ തന്നെ ഫോര്‍ട്ട് പൊലീസിന് കൈമാറി.

ജയില്‍ചാടിയ ഇരുവരും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. കാശ് കൊടുക്കാതെ മുങ്ങിയ അവർ ഭിക്ഷയാചിച്ച് കിട്ടിയ കാശുമായി വര്‍ക്കലയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ബസില്‍ അയിരൂരില്‍ എത്തി. അവിടെനിന്ന് പരവൂര്‍ ആശുപത്രിയിലേക്കുപോയി. പൊലീസ് പിന്‍തുടരുന്നെന്ന് മനസ്സിലാക്കി പാലോട്ടുള്ള ശില്പയുടെ ബന്ധുവീട്ടിലേക്ക് വരുന്നവഴിയിലാണ് പ്രത്യേകസംഘം ഇരുവരെയും വലയിലാക്കിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ വീടുകളിലേക്ക് സഹായത്തിനായി എത്തുമെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. പാരിപ്പള്ളിയില്‍ വച്ച് ശിൽപ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവരെ കണ്ടെത്താന്‍ ഇതാണ് പൊലീസിന് സഹായകമായത്.

ഇരുവരെയും കണ്ടെത്താനായി പൊലീസ് തമിഴ്നാട്ടിലേക്കും ഇരുവരുടെയും ബന്ധുക്കളുടെ വീടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇവര്‍ക്കായി വ്യാഴാഴ്ച ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ജയില്‍ ചാടിയ വിധവും അതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോയെന്ന വിവരവും അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here