റിയാദ്(www.mediavisionnews.in): ഉംറ വിസ വിതരണം നിർത്തി. ജൂൺ 17 വരെ വിസ ലഭിച്ച തീർത്ഥാടകർക്ക് ജൂലൈ രണ്ട് വരെ ഉംറ കർമ്മം നിർവ്വഹിക്കാമെന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഈ വർഷം ഇനി ഉംറ വിസ അനുവദിക്കുന്നത് നിർത്തിവെച്ചതായി ഹജ്ജ്- ഉംറ മന്ത്രാലയമാണ് അറിയിച്ചത്. ഇനി ഹജ്ജ് കഴിഞ്ഞ ശേഷമായിരിക്കും വീണ്ടും വിസ അനുവദിക്കുക.
ഉംറ വിസ അനുവദിക്കുന്നത് ജൂൺ 17 നാണ് മന്ത്രാലയം നിർത്തിവെച്ചത്. ഇത് രാജ്യത്തെ ഉംറ സർവീസ് കമ്പനികളെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജൂൺ 17 നു മുൻപായി ഉംറ വിസ ലഭിച്ചവരെ ജൂലൈ 2 വരെ രാജ്യത്ത് പ്രവേശിക്കുന്നതിന് അനുവദിക്കും. ജൂലൈ രണ്ട് വരെയുള്ള സമയത്തു ഉംറ നിർവ്വഹിക്കാൻ എത്തുന്ന തീർത്ഥാടകരെ ഉംറ കർമ്മം പൂർത്തിയായാൽ ഉടൻ സ്വദേശത്തേക്കു തിരിച്ചയക്കണമെന്നു സർവീസ് കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള തീർത്ഥാടകരുടെ അസാന്നിധ്യത്തിലും ഇത്തവണ ഉംറ നിർവ്വഹിക്കാൻ എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 75 ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണ വിദേശങ്ങളിൽ നിന്ന് ഉംറ നിർവ്വഹിക്കാൻ എത്തിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.