മണാലി(www.mediavisionnews.in): ഹിമാചല്‍പ്രദേശിലെ കുളു ജില്ലയില്‍ സ്വകാര്യ ബസ് അപകടത്തിലെ മരണ സംഖ്യ 44 ആയി. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
സ്വകാര്യ ബസ് 500 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ബഞ്ചാര്‍ സബ്ഡിവിഷനില്‍ വ്യാഴാഴ്ച വൈകുന്നേരം നാലിനായിരുന്നു അപകടം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരില്‍ ഭൂരിപക്ഷംപേരുടെയും അവസ്ഥ അതിഗുരുതരമാണെന്ന് കുളു പൊലീസ് സൂപ്രണ്ട് ശാലിനി അഗ്‌നിഹോത്രി പറഞ്ഞു. 12 സ്ത്രീകളെയും 10 കുട്ടികളെയും 10 പുരുഷന്മാരെയും രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ അറിയിച്ചു.
മലയിടുക്കിന് താഴെ അരുവിയിലേക്ക് പതിച്ച ബസില്‍ കുടുങ്ങിയ നിലയിലായിരുന്നു യാത്രക്കാരില്‍ പലരും. പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകളിലും പ്രാദേശവാസികളുടെ വാഹനങ്ങളിലുമാണ് പലരെയും ആശുപത്രിയില്‍ എത്തിച്ചത്.
കുളു-ഗദഗുഷൈനി റൂട്ടില്‍ പതിവായി സര്‍വിസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബഞ്ചാര്‍ ബസ്‌സ്റ്റാന്‍ഡില്‍നിന്ന് രണ്ട് കി.മീറ്റര്‍ ദൂരം പിന്നിട്ടപ്പോഴാണ് അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് മലയടിവാരത്തിലേക്ക് മറിയുകയായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.