ലഖ്‌നൗ (www.mediavisionnews.in): ഇരുചക്രവാഹനത്തിലെ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഹെൽമെറ്റ് ധരിക്കുന്നത്. എന്നാൽ ഈ സുരക്ഷയ്ക്ക് പലരും പുല്ലുവിലയാണ് നൽകാറ്. പൊലീസിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണ് പലരും ഹെൽമെറ്റ് ധരിക്കുന്നതു പോലും. എന്നാൽ നിയമങ്ങൾ നടപ്പാക്കേണ്ട പൊലീസ് തന്നെ നിയമം ലംഘിച്ചാലോ? അത്തരത്തിലൊരു വാർത്തയാണ് ലഖ്നൗവിൽ നിന്ന് പുറത്തുവരുന്നത്. ഒറ്റ ദിവസത്തെ പരിശോധനയിൽ ഏകദേശം 305 പൊലീസുകാരാണ് ട്രാഫിക് നിയമം തെറ്റിച്ചതായി കണ്ടെത്തിയത്.
ലഖ്‌നൗ സീനിയര്‍ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് 305 പൊലീസുകാർ കുടുങ്ങിയത്. ഹെൽമെറ്റ് ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആർക്കും ഒരു ഇളവും നൽകരുതെന്ന് എസ്പി നിർദ്ദേശിച്ചിരുന്നു. അതേ തുടർന്നാണ് ഇത്ര അധികം പൊലീസുകാരെ പിടികൂടിയത്. നിയമങ്ങൾ പാലിച്ച് സമൂഹത്തിനു മാതൃകയാകേണ്ടവരാണ് പൊലീസ് എന്നും അതുകൊണ്ടാണ് പ്രത്യേകം പരിശോധന നടത്തിയതെന്നും എസ്പി പറയുന്നു. ഫൈൻ അടച്ചവരിൽ 155 എസ്ഐമാരും ബാക്കി കോൺസ്റ്റബിൾമാരുമാണ്.
ഒരു ദിവസത്തെ പരിശോധനയിൽ നിയമലംഘനത്തിന് നടത്തിയതിന് 3,117 ബൈക്കുയാത്രികരാണ് കുടുങ്ങിയത്. ഇവരില്‍നിന്ന് 1.38 ലക്ഷം രൂപ പിഴ ഇനത്തിൽ ലഭിച്ചു എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഹെൽമെറ്റ് ധരിക്കാതെ എത്തിയ പൊലീസുകാരനെ മേലുദ്യോഗസ്ഥൻ ശകാരിക്കുന്ന വിഡിയോ വൈറലായിരുന്നു.
ഹെൽമെറ്റ് എന്തിന്?
ചെറിയ വീഴ്ച്ചകളിൽ നിന്നും, ചെറിയ ആഘാതങ്ങളിൽ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിർമ്മിതി. എന്നാൽ വേഗതയുടെ ഈ കാലഘട്ടത്തിൽ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെ സഞ്ചരിക്കുന്നതിനാൽ അപകടം സംഭവിച്ചാലും വലിയ പരിക്കുകൾ പറ്റില്ല എന്ന് കരുതി ഹെൽമെറ്റ് വെയ്ക്കാതിരിക്കുന്നത് ശരിയല്ല. കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തിൽ നിന്ന് തലഅടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്.
55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നാൽ ഒരു സെക്കന്റിൽ 49 അടി സഞ്ചരിക്കുന്നു എന്നാണ്. അതായത് 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും. ഒരാൾക്ക് ഹെൽമെറ്റ് ധരിക്കാതിരിക്കാൻ ആയിരക്കണക്കിന് കാരണങ്ങൾ ഉണ്ടാകും. എന്നാൽ അതെല്ലാം പാഴ്‌വാദങ്ങളാകാൻ ഈ ഒറ്റകാര്യം മനസിലാക്കിയാൽ മതി.
മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റാണ് ഏറ്റവും നല്ലത്. ഇത് വീഴ്ച്ചയിൽ തലയെ മാത്രമല്ല താടി എല്ലുകളെയും സംരക്ഷിക്കും. ശരിയായ ഐഎസ്‌ഐ മാർക്കുള്ള എല്ലാ ഹെൽമെറ്റും സുരക്ഷിതമാണ്. മൂന്നു വർഷത്തിൽ ഒരിക്കൽ പുതിയ ഹെൽമെറ്റ് വാങ്ങിക്കുകയായിരിക്കും ഉചിതം. ഒരിക്കല്‍ ജീവന്‍ രക്ഷിച്ചുവെന്നുള്ള പരിഗണനയൊന്നും ഉപയോഗിച്ച ഹെല്‍മെറ്റിനോട് ആവശ്യമില്ല, വീഴ്ചയുടെ ആഘാതം വലിച്ചെടുത്ത ഹെല്‍മെറ്റിന് ആന്തരികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഒറ്റ നോട്ടത്തില്‍ അതു മനസിലാക്കാനാകില്ല. അതുകൊണ്ടുതന്നെ അപകടത്തില്‍ പെട്ട ഹെല്‍മെറ്റ് ഉപേക്ഷിച്ച് പുതിയതു വാങ്ങുകതന്നെ വേണം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.