സൗദി(www.mediavisionnews.in): സൗദിയില്‍ തൊഴിലുടമ ബീഫ് കഴിക്കാനും വിളമ്പാനും നിര്‍ബന്ധിക്കുന്നതിനാല്‍ മാനസികമായി തകര്‍ന്ന തന്നെ രക്ഷിക്കണമെന്ന പശ്ചിമ ബംഗാള്‍ സ്വദേശി മാണിക് ഛാദ്ദോപാധ്യായയുടെ ആരോപണം വ്യാജമെന്ന് സൂചന. നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഇയാളുടെ തന്ത്രമാണ് ആരോപണത്തിന് പിന്നിലെന്നാണ് സൂചന.
കരാര്‍ തീരുന്നതിന് മുന്‍പ് തൊഴിലാളികള്‍ നാട്ടിലേയ്ക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ തൊഴിലുടമയ്ക്ക് വീസയ്ക്ക് മുടക്കിയ പണം ഈടാക്കാവുന്നതാണ്. ഇത് മനസ്സിലാക്കിയാണ് ഇയാള്‍ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത് എന്നാണ് വിവരം.
സൗദിയില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചതായും വിളമ്പാന്‍ നിര്‍ബന്ധിക്കുന്നതായും ആയിരുന്നു ഇയാളുടെ ആരോപണം. പാചകക്കാരനായി സൗദിയിലെത്തിയ താന്‍ ഇതിന് വിസമ്മതിച്ചപ്പോള്‍ തൊഴിലുടമ പീഡിപ്പിക്കുന്നുവെന്നായിരുന്നു മണിക് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ആരോപിച്ചത്.
പുതിയ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിനും മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്‌നം അന്വേഷിക്കാന്‍ ഇന്ത്യന്‍ എംബസിക്കും കോണ്‍സുലേറ്റിനും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു.
വിഷയത്തില്‍ ഇടപെട്ട റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും മാണിക് ഛാദ്ദോപാധ്യ എന്ന പശ്ചിമ ബംഗാള്‍ സ്വദേശിയെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതായി അറിയില്ലെന്നും എന്നാല്‍, റസ്റ്ററന്റിലെ പാചക ജോലിയില്‍ താത്പര്യമില്ലാത്തതിനാല്‍ മറ്റു ജോലി കണ്ടെത്താന്‍ സഹായിക്കുകയോ, നാട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ വഴിയൊരുക്കുകയോ വേണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അധികൃതര്‍ പറഞ്ഞു. അതിനുള്ള ശ്രമം നടത്തിവരികയാണെന്നും അറിയിച്ചു.
മുംബൈ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്‍സി വഴിയാണ് ഇക്കഴിഞ്ഞ മേയ് ഏഴിന് മണിക് സൗദിയിലെത്തിയത്. ഏജന്‍സിക്ക് 25,000 രൂപയും നല്‍കിയിരുന്നു. നാട്ടില്‍ നടത്തിയ അഭിമുഖത്തില്‍ ബീഫ് പാചകം ചെയ്യുകയോ വിളമ്പുകയോ ചെയ്യേണ്ടി വരുമോ എന്ന് താന്‍ ആരാഞ്ഞിരുന്നതായും ഈ റസ്റ്ററന്റില്‍ ബീഫ് പാചകം ചെയ്യാറില്ലെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടിയെന്നും മണിക് ഛദ്ദോപാധ്യായ പറഞ്ഞു.
എന്നാല്‍, ജോലിയില്‍ പ്രവേശിക്കുകയും തുടരാന്‍ താത്പര്യമില്ലാതാവുകയും ചെയ്തതോടെ നാട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ ഒരുങ്ങിയ മണിക് തൊഴില്‍ കരാര്‍ ലംഘന പ്രശ്‌നം വരികയും വീസയുടെയും മറ്റും പണം തിരിച്ചടക്കുകയും ചെയ്യേണ്ടി വരുമെന്ന് കണ്ടപ്പോള്‍ വ്യാജ ആരോപണവുമായി മുന്നോട്ട് വരികയായിരുന്നുവെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.