യു.പിയില്‍ മഹാസഖ്യം വിട്ട് ബി.എസ്.പി; ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

0
203

ലക്‌നൗ (www.mediavisionnews.in): യു.പിയില്‍ മഹാസഖ്യം വിട്ട് ബി.എസ്.പി. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 11 മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി.എസ്.പി തീരുമാനം.

തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. മഹാസഖ്യം പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും യാദവ വോട്ടുകള്‍ ബി.എസ്.പിയ്ക്ക് നേടിക്കൊടുക്കാന്‍ എസ്.പിക്കു സാധിച്ചില്ലെന്നും മായാവതി പാര്‍ട്ടി നേതാക്കളെ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 11 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാനും മായാവതി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു ബി.എസ്.പി പൊതുവെ സ്വീകരിക്കാറുള്ള നിലപാട്. ഇതാദ്യമായാണ് ബി.എസ്.പി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒമ്പത് എം.എല്‍.എമാരും എസ്.പിയുടെയും ബി.എസ്.പിയുടെയും ഓരോ എം.എല്‍.എമാര്‍ വീതവുമാണ് ജയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മോശം പ്രകടനത്തിന് ഉത്തരവാദി ഇ.വി.എമ്മുകളാണെന്നായിരുന്നു ബി.എസ്.പി പ്രസിഡന്റ് ആര്‍.എസ് കുശ്‌വാഹ മാധ്യമങ്ങളോടു പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ 10 സീറ്റുകളിലാണ് ബി.എസ്.പി ജയിച്ചത്. 38 സീറ്റുകളിലായിരുന്നു പാര്‍ട്ടി മത്സരിച്ചിരുന്നത്. സമാജ്‌വാദി പാര്‍ട്ടി 37 സീറ്റുകളില്‍ മത്സരിച്ചെങ്കിലും അഞ്ച് സീറ്റുകളില്‍ മാത്രമാണ് ജയിക്കാന്‍ സാധിച്ചത്.

യാദവ വോട്ടുകള്‍ വിഭജിച്ചു പോകുന്നത് തടയാന്‍ അഖിലേഷ് യാദവിന് കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. സ്വന്തം ഭാര്യ ഡിമ്പിള്‍ യാദവിന്റെ വിജയം പോലും അഖിലേഷിന് ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ലെന്നും മായാവതി കുറ്റപ്പെടുത്തി. 12000 വോട്ടുകള്‍ക്കാണ് ഡിമ്പിള്‍ കാനൂജില്‍ പരാജയപ്പെട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ പരാജയത്തിനു പിന്നാലെ ആറ് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് കോഡിനേറ്റര്‍മാരെയും രണ്ട് സംസ്ഥാന പ്രസിഡന്റുമാരേയും മായാവതി ഞായറാഴ്ച നീക്കിയിരുന്നു. ഉത്തരാഖണ്ഡ്, ബീഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കോഡിനേറ്റര്‍മാരെയാണ് നീക്കിയത്.

അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തില്‍ ബി.എസ്.പിയെ കുറ്റപ്പെടുത്തി എസ്.പിയും രംഗത്തുവന്നിരുന്നു. ഡിമ്പിള്‍ യാദവ് ഉള്‍പ്പെടെയുള്ള എസ്.പിയുടെ പ്രമുഖ നേതാക്കളുടെ പരാജയത്തിന് കാരണം ബി.എസ്.പി വോട്ടുകള്‍ കിട്ടാത്തതാണെന്ന വിമര്‍ശനവും എസ്.പി ഉന്നയിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here